Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂഡിന്റേത് ഇരയെ വേട്ടക്കാരനായി മാറ്റുന്ന തിരക്കഥ; മറുപടിയുമായി കൊച്ചിമേയർ

jude-mayaor

സംവിധായകന്‍ ജൂഡ് ആന്തണിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജൂഡിന് മറുപടിയുമായി മേയർ എത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയില്‍ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകര്‍ന്നെഴുതാനുള്ള അദ്ദേഹത്തിന്റെ സംവിധാന മികവ് ജൂ‍ഡ് എഴുതിയ കുറിപ്പിൽ കാണാമെന്നും എന്നാല്‍ എന്താണ് സത്യം എന്ന് എല്ലാവരും അറിയണമെന്നും മേയർ പറയുന്നു.

മേയർ സൗമിനി ജെയിനിന്റെ കുറിപ്പ് വായിക്കാം–

ജൂഡ് ആന്തണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിച്ചു. ജൂഡ് നല്ലൊരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിൻറെ സിനിമകളൊക്കെ എല്ലാവർക്കും ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയിൽ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകർന്നെഴുതാനുള്ള അദ്ദേഹത്തിൻറെ സംവിധാന മികവ് ആ ഫെയ്സ്ബുക്ക് പോസ്റ്റിൽ കാണാം. എന്നാൽ എന്താണ് സത്യം എന്ന് എല്ലാവരും അറിയണം. അസത്യപ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ല.

കഴിഞ്ഞ ദിവസം ജൂഡ് ആൻറണി ഫോൺ വിളിച്ച് സുഭാഷ് പാർക്ക് ചിത്രീകരണത്തിനായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ സുഭാഷ് പാർക്ക് ചിത്രീകരണത്തിന് നൽകാറുണ്ടായിരുന്നു. പക്ഷെ, പലപ്പോഴും ഷൂട്ട് കഴിയുമ്പോൾ ചെടികൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുകയും പാർക്കിൻറെ സ്വാഭാവികത നഷ്ടമാകുകയും ചെയ്തിട്ടുള്ള അനുഭവത്തിലും പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്ക് സദാസമയവും ലഭ്യമാകണമെന്ന ഉദ്ദേശത്താലും ചിത്രീകരണങ്ങൾക്കായി സുഭാഷ് പാർക്ക് വിട്ടുനൽകേണ്ടതില്ല എന്ന് നഗരസഭ കൌൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിവരം ഞാൻ ജൂഡിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് ജൂഡ് എത്തുന്നത് ഒരു മന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള ശുപാർശക്കത്തുമായാണ്. അപ്പോഴും വളരെ മാന്യമായി ഞാൻ വിവരങ്ങൾ പറയുകയും കൌൺസിൽ തീരുമാനം മറികടന്ന് എനിക്ക് മാത്രമായി തീരുമാനം എടുക്കാൻ സാധ്യമല്ല എന്നറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയം അപ്പോൾത്തന്നെ ഡെപ്യൂട്ടി മേയർ അടക്കമുള്ളവരുമായി ചർച്ച ചെയ്യുകയും അവരും സമാന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുത വിഷയത്തിൻറെ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത് ഏറ്റവുമടുത്ത കൌൺസിലിൽ വിഷയം അവതരിപ്പിക്കാമെന്നും ആവശ്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്നും ഞാൻ ഉറപ്പ് നൽകി. അല്ലെങ്കിൽ, സുഭാഷ് പാർക്കൊഴികെ കൊച്ചിയിലെ ഏത് പാർക്കും പ്രസ്തുത ചിത്രീകരണത്തിനായി ഉടനടി ലഭ്യമാക്കാമെന്ന് ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. സർക്കാർ ഓർഡർ ഉണ്ടെങ്കിൽ സുഭാഷ് പാർക്ക് അനുവദിക്കാമെന്നും അല്ലെങ്കിൽ കൌൺസിൽ തീരുമാനത്തിന് വിധേയമായേ എനിക്ക് പ്രവർത്തിക്കാനാകൂ എന്നും ഞാൻ അറിയിച്ചു. ജൂഡ് ഒരു തീയതി തീരുമാനിക്കുകയും അഭിനേതാക്കളുടെ ഡേറ്റ് ലഭ്യമാക്കുകയും ചെയ്തു എന്ന കാരണത്താൽ കൌൺസിൽ തീരുമാനത്തെ മറികടക്കാൻ എനിക്കാവില്ലല്ലോ. ഉടൻ യാതൊരു പ്രകോപനവുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയും ശബ്ദമുയർത്തി നിങ്ങളുടെയൊന്നും അനുമതി പോലുമില്ലാതെ ഞാൻ ഷൂട്ട് ചെയ്യുന്നത് കാണിച്ചു തരാം. ഞാൻ ആരാണെന്ന് അറിയില്ല. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ഡോർ ശക്തമായി വലിച്ചടച്ച് പോവുകയായിരുന്നു.

ജൂഡിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികൾ കടമെടുക്കുന്നു.“ നിങ്ങള്‍ എത്ര മോശം കാര്യങ്ങൾക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും , ഈ നല്ല കാര്യത്തിനു ഹെൽപ്പ് ചെയ്യാത്തത് മോശമായിപോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും " പ്രിയ ജൂഡ്, കൌൺസിൽ വിലക്കിയ ഒരു കാര്യം കൌൺസിൽ തീരുമാനമില്ലാതെ നൽകാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാൻ മോശം കാര്യങ്ങൾക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കൾ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കൾ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവൽക്കരിക്കുത്.

താങ്കളെപ്പറ്റി ഇതിന് മുമ്പും നിരവധി വാർത്തകൾ ഞാൻ കേട്ടിട്ടുണ്ട്. ബഹു. എം.എം മണി മന്ത്രിയായപ്പോൾ "വെറുതെ സ്ക്കൂളിൽ പോയി" എന്നൊരു പോസ്റ്റിട്ട് താങ്കൾ അദ്ദേഹത്തെ കളിയാക്കിയിരുന്നു. മറ്റൊരു വിഷയത്തിൽ താങ്കളുടെ പോസ്റ്റിലെ എതിർകമൻറുകൾക്ക് അവരുടെ അച്ഛനെ വരെ ചീത്ത വിളിച്ച സംഭവവും കേട്ടിട്ടുണ്ട്. അതേ നിലവാരത്തിൽ തന്നെ ജൂഡ് ഇപ്പോഴും സംസാരിക്കുന്നു എന്നത് ദുഖകരമാണ്. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്തീയാകട്ടെ, കുട്ടിയാകട്ടെ, ആരുമാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുക എന്നത് പ്രധാനമാണ്.

പ്രിയ ജൂഡ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കാലികസംഭവങ്ങളിൽ ഞാനും ഉത്കണ്ഠാകുലയാണ്. ഷോർട്ട്ഫിലിമിലൂടെ നമുക്ക് നല്ലൊരു സന്ദേശം നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ, ആ വിഷയത്തെപ്പറ്റി സംസാരിക്കാൻ വന്ന ജൂഡ് എല്ലാവരുടേയും മുന്നിൽ വെച്ച് ഒരു സ്ത്രീയെന്ന നിലയിൽ വാക്കുകൾ കൊണ്ട് എന്നെ അപമാനിതയാക്കി എന്നത് അത്ര നല്ല സന്ദേശമല്ല നൽകുക.

തീർച്ചയായും ഞാനൊരു സ്ത്രീയായതിനാലാണ് അന്ന് എല്ലാവരുടേയും മുന്നിൽ വെച്ച് താങ്കളെന്നോട് കയർത്തു സംസാരിച്ചതും മോശമായി പെരുമാറിയതും. താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു. മേയർ ആയി പ്രവർത്തിക്കുന്ന എനിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ മറ്റു സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചതും.

താങ്കൾക്ക് എതിരെ മറ്റൊരു തരത്തിലുള്ള നടപടികൾ വേണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല. പരസ്യമായി താങ്കൾ എന്നെ അപമാനിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു. അത് ഞാനെന്ന വ്യക്തിയേക്കാൾ സ്ത്രീകൾക്കെതിരായുള്ള ഒരു മനോഭാവം കൂടിയാണത്. അതിനാൽ പരസ്യമായി താങ്കൾ മാപ്പ് പറയണം എന്ന ഒരാവശ്യമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ.. വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഇത്തരത്തിൽ ദിനംപ്രതി പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അപമാനിതരായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി കൂടിയുള്ളതാണത്. സ്ത്രീയാണെന്ന ഒരൊറ്റ കാരണത്താൽ പുച്ഛിച്ച് സംസാരിക്കുന്ന അനേകം പുരുഷന്മാർക്കും കൂടി വേണ്ടിയുള്ളതാണത്.

ഒരു സ്ത്രീയെന്ന ഒരൊറ്റ കാരണത്താൽ അധിക്ഷേപിച്ച് സംസാരിക്കുകയും സ്ത്രീകളോട് മാന്യമായി സംസാരിക്കാൻ പോലും തയ്യാറാകാത്ത വ്യക്തി തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അനീതികൾക്കെതിരെയുള്ള ഷോർട്ട്ഫിലിം തയ്യാറാക്കുന്നു എന്നത് വിരോധാഭാസമാണ്. ഷോർട്ട് ഫിലിം തയ്യാറാക്കി സാമൂഹ്യപ്രതിബന്ധത തെളിയിക്കുക മാത്രമാണ് ലക്ഷ്യമെങ്കിൽ അതേറെ എളുപ്പമാണ്. പക്ഷെ, അതിലുപരി ഓരോ വാക്കിലും ശരീരഭാഷയിലും നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധത സ്വയം മാറ്റേണ്ടതുണ്ട്. ഓരോ വ്യക്തിയും സ്വയം നവീകരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഒരു സമൂഹം നവീകരിക്കപ്പെടുകയുള്ളൂ.–സൗമിനി പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തെന്ന് കാണിച്ച്‌ തിങ്കളാഴ്ച സെന്‍ട്രല്‍ പൊലീസിന് മേയർ പരാതി നല്‍കുകയും ഇതിനെത്തുടർന്ന് സംവിധായകൻ ജൂഡിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

എറണാകുളത്തെ സുഭാഷ് പാര്‍ക്ക് സിനിമ ചിത്രീകരണത്തിന് വിട്ടുനല്‍കണമെന്ന് ജൂഡ് ആവശ്യപ്പെട്ടത് മേയര്‍ നിരസിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൗണ്‍സില്‍ തീരുമാനപ്രകാരം പാര്‍ക്ക് ചിത്രീകരണത്തിന് വിട്ടുനല്‍കാനാവില്ലെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ സംവിധായകന്‍ മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതി‍യില്‍ സംസാരിച്ചെന്നുമാണ് കേസ്. സംഭവത്തില്‍ വിശദീകരണവുമായി ജൂഡും രംഗത്തെത്തി. നല്ല കാര്യം ചെയ്യാൻ ശ്രമിച്ച തന്നെ പ്രതിയാക്കിയെന്നും സംഭവത്തിൽ മനസ്സുതകർന്നെന്നും ജൂഡ് വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് മേയറും മറുപടിയുമായി എത്തിയത്.