മമ്മൂട്ടി– രഞ്ജിത് ടീമിന്റെ പുതിയ ചിത്രം പുത്തൻ പണത്തിന്റേതായി പുറത്തുവന്ന രണ്ടാം ടീസറിൽ നിറഞ്ഞു നിൽക്കുന്ന ഒരു പയ്യനുണ്ട്– മുത്തുവേൽ. ആദ്യ ടീസറിൽ തോക്കുമെടുത്തു യാത്രയ്ക്കൊരുങ്ങിയ നിത്യാനന്ദ ഷേണായി ചെന്നെത്തിയതു മുത്തുവേൽ എന്ന പയ്യന്റെ അടുത്താണെന്നു പറഞ്ഞാണു രണ്ടാം ടീസർ തുടങ്ങുന്നത്. മുത്തുവേലും ഷേണായിയുമായുള്ള സംഭാഷണമാണു രണ്ടാം ടീസർ. അതിൽ മുത്തുവേലായി നിറഞ്ഞുനിൽക്കുന്നതു തലസ്ഥാനത്തുനിന്നുള്ള സ്വരാജ് ഗ്രാമികയാണ് .
നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച മുൻപരിചയമുള്ള സ്വരാജിന്റെ ആദ്യ സിനിമയാണു പുത്തൻ പണം. നാവായിക്കുളം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കൻ. കൊല്ലത്തുള്ള നാടകപ്രവർത്തകൻ മണിവർണനാണ് സ്വരാജിനോട് രഞ്ജിത് പുത്തൻ പണത്തിലേക്ക് ഒരു കുട്ടിയെ തിരയുന്ന വിവരം പറഞ്ഞത്. ഇദ്ദേഹം വഴി രഞ്ജിതിനെ ബന്ധപ്പെട്ടു. കോഴിക്കോട്ട് എത്താൻ പറഞ്ഞു. ട്രെയിൻ യാത്രയ്ക്കിടിയിൽ നേരത്തേ അഭിനയിച്ച നാടകങ്ങളുടെയും ഷോർട്ട് ഫിലിമുകളുടെയും വിഡിയോ അയച്ചു നൽകി.
ഏകദേശം നാലു മാസം മുൻപായിരുന്നു ഇത്. കോഴിക്കോട്ടെത്തി രഞ്ജിത്തിനെ കണ്ടു. എന്നാൽ അഭിനയത്തെക്കുറിച്ചു ചോദിക്കാതെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചു തിരികെ അയച്ചു. പ്രതീക്ഷകൾ ഇല്ലാതിരുന്ന സ്വരാജിനെ തേടി ഒരു ദിവസം രഞ്ജിത്തിന്റെ വിളി എത്തി. സിനിമ തുടങ്ങാൻ പോകുന്നു, എത്തണം.സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോൾ നായകനായ മമ്മൂട്ടിയെ പരിചയപ്പെട്ടു. വിഡിയോകൾ കണ്ടുവെന്നും പറഞ്ഞ് കുടുംബകാര്യങ്ങൾ ചോദിച്ചു സ്വരാജിനെ മമ്മൂട്ടി യാത്രയാക്കി. ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണു സ്വരാജ് ഞെട്ടിയത്. ആദ്യ ഷോട്ട് തന്നെ മമ്മൂട്ടിയോടൊപ്പം. ടെൻഷൻ ഉണ്ടെങ്കിലും സ്വരാജ് മിന്നിച്ചു.
ആദ്യ ഷോട്ട് ആദ്യ ടേക്കിൽ ഓകെയാക്കി മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം നേടി. ചിത്രത്തിലെ കൂടുതൽ കാര്യങ്ങൾ പുറത്തു പറയാൻ സ്വരാജിന് അനുവാദമില്ലാത്തതിനാൽ സിനിമയെക്കുറിച്ചു കൂടുതൽ പറയാൻ ഈ കൊച്ചു മിടുക്കൻ തയാറല്ല. സിനിമയിൽ മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നിൽക്കുകയാണു സ്വരാജും.
മുപ്പതോളം സീനുകളിൽ മമ്മൂട്ടിയും സ്വരാജും ഒരുമിച്ചുണ്ട്. ഏറ്റവും കൂടുതൽ സീനുകൾ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഉള്ളതും സ്വരാജിനാണ്. അതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കൻ. സിദ്ദീഖ്, ഇനിയ എന്നിവരോടൊപ്പവും രംഗങ്ങൾ ഉണ്ട്. കൊച്ചിയിൽ വച്ചായിരുന്നു ആദ്യ രംഗത്തിന്റെ ഷൂട്ടിങ്. പിന്നെ വിനോദയാത്ര പോകുന്നതു പോലെ ഗോവ, ഊട്ടി എന്നിവിടങ്ങളിലും സിനിമയ്ക്കായി സഞ്ചരിച്ചു. 70 ദിവസം മമ്മൂട്ടി – രഞ്ജിത് തുടങ്ങിയ മലയാള സിനിമയിലെ വലിയ സിനിമാ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ച സന്തോഷത്തിലാണു സ്വരാജ്.
നാവായിക്കുളം വെട്ടിയറ വൈഖരിയിൽ ചാത്തന്നൂർ ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി മലയാളം അധ്യാപകനും നാടകപ്രവർത്തകനുമായ ബൈജു ഗ്രാമികയുടെയും മലപ്പുറം കോക്കൂർ ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപിക മായകുമാരിയുടെയും മൂത്ത മകനാണു സ്വരാജ്. നാവായിക്കുളം ഗവ. എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഭഗത് ആണു സഹോദരൻ.
നാവായിക്കുളം വെട്ടിയറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമിക നാടക പഠനഗവേഷണ സംഘത്തിലെ നാടകങ്ങളിലൂടെയാണു സ്വരാജ് അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. സുരേഷ് ബാബു ശ്രീസ്ഥ രചനയും വക്കം സുനിൽ സംവിധാനവും നിർവഹിച്ച പഥേർ പാഞ്ജാലി എന്ന നാടകത്തിൽ അപ്പുവായി അഭിനയിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് ഏഴു നാടകങ്ങളിലായി 150ൽ പരം വേദികൾ. രണ്ടു ഷോർട് ഫിലിമിൽ അഭിനയിച്ചു. കേരള സ്കൂൾ കലോത്സവത്തിൽ (തിരുവനന്തപുരം) തുടർച്ചയായി മൂന്നു വർഷം മികച്ച നടനായി. തുടർന്നാണ് ഇപ്പോൾ പുത്തൻ പണത്തിലൂടെ സിനിമയിലേക്കു ചുവടു വച്ചത്.