മുദ്ദു ഗൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരപുത്രനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മറ്റൊരു മികച്ച ചിത്രവുമായി ഗോകുൽ എത്തുന്നു. പി ജയറാം കൈലാസ് ഒരുക്കുന്ന ‘പപ്പു’വാണ് ഗോകുലിന്റെ പുതിയ ചിത്രം. സിനിമയിൽ ഗംഭീരമേക്ക്ഓവറുമായാണ് താരം എത്തുന്നത്.
ലൈഫ് ഓഫ് ജോസുകുട്ടി, കരിങ്കുന്നം സിക്സസ്, ഒരേമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്. കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കി മികച്ച നിരൂപക പ്രശംസ നേടിയ അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു.
പപ്പു എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതാണ് ഈ കഥയുടെയും പ്രധാന പ്രത്യേകത. അയലത്തെ വീട്ടിലെ പയ്യൻ എന്നൊക്കെ പപ്പുവിനെ വിശേഷിപ്പിക്കാം. എല്ലാവരുടെയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന രസകരമായ കഥാതന്തുവാണ് സിനിമയുടേത്. രണ്ട് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. പാലക്കാട് ആണ് പ്രധാന ലൊക്കേഷൻ. മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
ഒരു ഫുൾടൈം കോമഡി എന്റർടെയ്നറായി ചിത്രത്തെ വിശേഷിപ്പിക്കാം. നവാഗതനായ ഉമേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. ഹാപ്പി വെഡ്ഡിങ് , ലക്ഷ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സിനു സിദ്ധാർഥ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റിങ് രഞ്ചൻ ഏബ്രഹാം, സംഗീതം ബിജിബാൽ, ഗാനരചന റഫീക് അഹമ്മദ്, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യർ, ആർട്ട് നാഥൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്, പി ആർ ഒ –എ എസ് ദിനേശ്.