ഇതാണ് അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം

അല്‍ഫോന്‍സ് പുത്രന്‍

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. എന്നാൽ മലയാളി ആരാധകർക്ക് ചെറിയൊരു നിരാശയും ഉണ്ടായേക്കാം. കാരണം പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്.

'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍' ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.പുതുമുഖങ്ങളെയാണ് ഇത്തവണയും അൽഫോൻസ് തേടുന്നത്. അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് അല്‍ഫോണ്‍സ് തേടുന്നത്. കര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ നല്ല സന്തോഷമാണെന്നും അല്‍ഫോൻസ് പറയുന്നു.

ചിത്രത്തില്‍ നായിക ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ പാട്ടും കൂടി അയക്കണമെന്ന് അല്‍ഫോണ്‍സ് വ്യക്തമാക്കി. ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റ് വെയറുകള്‍ അറിയാമെന്നും അല്‍ഫോൻസ് ‌രസകരമായി പറയുന്നു.

അഭിനേതാക്കളെ മാത്രമല്ല തമിഴും ഇംഗ്ലീഷും അറിയാവുന്ന രണ്ടു സഹസംവിധായകരെ കൂടി അല്‍ഫോണ്‍സ് തേടുന്നുണ്ട്. ‘തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണ് വേണ്ടത്. ഇപ്പോള്‍ ഞാന്‍ എഴുതുന്ന തമിഴും ഇംഗ്ലീഷും മനസിലാക്കുന്ന ആളുകളായിരിക്കണം. അതു മാത്രമെ ഞാന്‍ തേടുന്ന യോഗ്യത’. അൽഫോൻസ് പറഞ്ഞു.