Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമനാകാൻ മോഹൻലാലിന് മാത്രമേ സാധിക്കൂ; ശ്രീകുമാർ മേനോന്‍

srikumar-lal

മഹാഭാരത എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും എം.ടി.വാസുദേവന്‍ നായരും ഇന്ത്യയിലേക്ക് ഒാസ്കര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ടാമൂഴത്തില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. റേഡിയോ മാംഗോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ മനസ് തുറന്നത്

എംടി വാസുദേവൻ നായർ എന്ന മഹാപ്രതിഭയെ എങ്ങനെ മനസ്സിലാക്കിയെടുത്തു

അദ്ദേഹം എന്റെ അച്ഛന്റെ സഹപാഠിയും വളരെ അടുത്ത സുഹൃത്തുമാണ്. എംടി സാർ അച്ഛന് എഴുതിയ കത്തുകളൊക്കെ ഒരു നിധിയായി ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. എന്നാൽ സാറുമായി എനിക്ക് നേരിട്ടുള്ള പരിചയമോ ബന്ധമോ ഇല്ലായിരുന്നു. എം ടി സാർ മകനെപ്പോലെ പോലെ കാണുന്ന ജ്യോതിഷ് എന്നൊരാളുണ്ട്, പിന്നെ രണ്ടാമൂഴം എന്ന നോവലിന്റെ പ്രസാദകനും. ഇവർ രണ്ടുപേരോടുമാണ് ഈ ആഗ്രഹം പറയുന്നത്. അവർ വഴിയാണ് എന്നെക്കൊണ്ട് ഈ സിനിമ ചെയ്യാൻ കഴിയുമെന്ന് എംടി സാറിനോട് പറഞ്ഞുമനസ്സിലാക്കിയത്. അവരാണ് എംടി സാറിന്റെ അടുത്ത് എന്നെക്കൊണ്ടുപോയത്.

Randamuzham bring Oscar to India say Sreekumar Menon | Manorama News

അവിടെ ചെന്നപ്പോഴാണ് മനസ്സിലാക്കുന്നത് രണ്ടാമൂഴത്തിന്റെ തിരക്കഥ ചോദിച്ചുകൊണ്ട് ഇന്ത്യയിലെ മഹാരഥന്മാരായ സിനിമാസംവിധായകർ എംടി സാറിന്റെ അടുത്ത് ഒരുപാട് തവണ കയറി ഇറങ്ങിയിട്ടുണ്ടെന്ന്. അവരോടൊക്കെ ഒരുകാര്യമേ സാർ പറഞ്ഞിരുന്നൊള്ളൂ. എന്നെങ്കിലുമൊരിക്കൽ ഇത് സിനിമയാക്കുകയാണെങ്കിൽ ഇതൊരു ലോകസിനിമയായി മാത്രമേ ഇത് കാണാൻ കഴിയൂ എന്നാണ്. അങ്ങനെ കാണണമെങ്കിൽ വലിയൊരു ബഡ്ജറ്റ് വേണം. അതുപറയുമ്പോൾ പലരും തിരിച്ചുപോകുകയുമായിരുന്നുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

അതിന് പറ്റുമോ എന്ന ചോദ്യത്തിന് ‘താങ്കള്‍ മനസ്സിൽ കാണുന്നതുപോലെ ലോകസിനിമയുടെ ഒരു കാൻവാസിൽ ഇത് ചെയ്യാനാണ് എന്റെ ആഗ്രഹമെന്നും അതിന് പറ്റിയ നിർമാതാവിനെ കണ്ടെത്താമെന്ന് ഉറപ്പും നൽകി. ആ വാക്കിൽ അദ്ദേഹം വിശ്വസിച്ചു.

മോഹൻലാലിന് ഭീമനാകാൻ കഴിയുമോ എന്ന വിമർശനത്തോട്

ഭീമന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളാൻ ഇന്ന് ലോകസിനിമയിൽ മോഹൻലാൽമാത്രമേ ഒള്ളൂ എന്ന് എല്ലാ മലയാളികളെപ്പോലെയും ഞാനും വിശ്വസിക്കുന്നു. എനിക്ക് ആ വിശ്വാസം പരിപൂർണമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രൊഡക്ഷൻഹൗസുകളെയും താരങ്ങളെയും കണ്ടിരുന്നു. അവരൊക്കെ ചോദിച്ചു, നിങ്ങൾ എന്തുകൊണ്ടാണ് മോഹൻലാലിനെ ഭീമനാക്കുന്നത്, ബോളിവുഡിൽ മറ്റുതാരങ്ങളില്ലേ...ഞാൻ പറയുന്നു രണ്ടാമൂഴം സിനിമയാക്കുകയാണെങ്കിൽ അത് മോഹൻലാലിനെവച്ച് മാത്രമേ ചെയ്യൂ. അത് എന്ന് നടന്നാലോ അന്ന്. അതല്ലെങ്കിൽ ഈ തിരക്കഥ എംടി സാറിന് തിരിച്ചുകൊടുക്കു. ഇതു ഞാൻ  പറയുമ്പോൾ അദ്ദേഹം വികാരഭരിതനായിരുന്നു. അദ്ദേഹവും ഇതുകേട്ടുകൊണ്ടിരിക്കുകയാണല്ലോ? ലാലേട്ടനുളളിലെ കലാകാരൻ ഏറ്റവും കൂടുതൽ ചലഞ്ച് ചെയ്യുന്ന റോൾ ആയിരിക്കും ഇത്.

എങ്ങനെ വരുന്നു ബി ആർ ഷെട്ടി

ഒരു ചടങ്ങിൽവച്ച് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. ആ സമയത്ത് മഹാഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ രണ്ടാമൂഴത്തിന്റെ കാര്യം അദ്ദേഹത്തോട് പറയുന്നത്. അങ്ങനെ രണ്ടാമൂഴത്തിന്റെ തിരക്കഥ ഞാൻ അദ്ദേഹത്തിന് അയച്ചുകൊടുത്തു. അതിന് ശേഷം ബി ആർ ഷെട്ടി പറഞ്ഞത് ഈ സിനിമ എന്നു തുടങ്ങാം എന്നാണ്. ഒരു പൂ ചോദിച്ചവന് പൂക്കാലം കിട്ടിയ അവസ്ഥ.

നമ്മൾ മഹാഭാരതം സിനിമയാക്കുമ്പോൾ അത് കാണിക്കുന്നത് ഇന്ത്യയുടെ സംസ്കാരം കൂടിയാണ്. അതാണ് ലോകം കാണാൻ പോകുന്നത്. അതൊരിക്കലും രണ്ടാംകിടയാകരുത്. തലമുറകൾ വന്നുപോയാലം പുതുമ നശിക്കാത്ത ക്ലാസിക് ആയി ഈ ചിത്രം മാറണം. അതിനെന്ത് വേണം എന്നു ചോദിച്ചു. ഞാൻ പറഞ്ഞു 850 കോടിയാകും. അപ്പോൾ അദ്ദേഹം പറഞ്ഞു ആയിരം കോടി ഞാൻ മാറ്റിവയ്ക്കാം. എം ടി സാർ വളരെ വികാരാധീനനായി. മോഹന്‍ലാൽ സാറിന് ഒരുപാട് സന്തോഷമായി. അദ്ദേഹത്തെ ഇത്രയേറെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല.

ആയിരം കോടിയുടെ ചിത്രം. പക്ഷെ പണത്തൂക്കംകൊണ്ടുമാത്രമല്ല രണ്ടാമൂഴം എന്ന ചിത്രം വലിയ നേട്ടങ്ങള്‍ ഇന്ത്യന്‍ സിനിമയിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍റെ പ്രതീക്ഷ. രണ്ടാമൂഴത്തിന്‍റെ തിരക്കഥയും അതിലെ ഭീമനും ഒാസ്കര്‍ പുരസ്കാരമെത്തിക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ശ്രീകുമാര്‍ മേനോന്‍.

പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ സിനിമയാക്കാമെന്ന കരാറിലാണ് രണ്ടാമൂഴത്തിന്‍റെ തിരക്കഥ എം.ടി.യില്‍നിന്ന് വാങ്ങിയത്. പക്ഷെ 2020ല്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉടനില്ലെങ്കിലും എന്നെങ്കിലും ഇത് സിനിമയാക്കാമെന്ന പ്രതീക്ഷയാണ് എം.ടിക്ക് ഉണ്ടായിരുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ വിലപിടിപ്പുള്ള താരങ്ങള്‍ക്ക് പുറമെ രാജ്യാന്തരതാരങ്ങളും ഉണ്ടാകും. രാജ്യാന്തര ഏജന്‍സിയുടെ കൂടെ സഹായത്താലാണ് താരനിര്‍ണയം പൂര്‍ത്തികരിക്കുകയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.