സൂപ്പര്‍ഹിറ്റ് ചിത്രമായ ബാഹുബലിയിലൂടെ ലോകപ്രശസ്തനാകുകയാണ് പ്രഭാസ്. സിനിമയ്ക്കായി നീണ്ട അഞ്ചുവര്‍ഷം മാറ്റിവച്ച പ്രഭാസിന് അർഹമായ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകപ്രശസ്തരുടെ മെഴുകുപ്രതിമകള്‍ സൂക്ഷിക്കുന്ന ബാങ്കോക്കിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ പ്രഭാസിന്റെ മെഴുകുപ്രതിമയും.
കഴിഞ്ഞ വർഷമാണ് മെഴുക് പ്രതിമ നിർമിക്കാൻ തുടങ്ങിയത്. ഒരു വർഷം നീണ്ട പണിപ്പുരയിലൂടെ താരത്തിന്റെ പ്രതിമ ഇപ്പോൾ അനാച്ഛാദനം ചെയ്യാനൊരുങ്ങുകയാണ് മ്യൂസിയം. മാഡം തുസാഡ്‌സില്‍ ഇടംനേടുന്ന ആദ്യ തെന്നിന്ത്യന്‍ താരമെന്ന ബഹുമതിയും പ്രഭാസിന് സ്വന്തം.

പ്രതിമ നിർമിക്കുന്നതിനായി മ്യൂസിയത്തിന്റെ അണിയറപ്രവർത്തകരും ശിൽപ്പികളും പ്രഭാസിനെ ഹൈദരാബാദിലെത്തി നേരിട്ട് കണ്ടിരുന്നു. 350 ഫോട്ടോയും ശരീരത്തിന്റെ ഭാരവും ഉയരവും എല്ലാം കണക്കാക്കി റിപ്പോർട്ടും തയ്യാറാക്കി തിരിച്ചുപോകുകയായിരുന്നു.

മാഡം തുസാഡ്‌സില്‍ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇതിന് കാരണം ആരാധകരുടെ പിന്തുണയും സ്നേഹവും മാത്രമാണെന്നും പ്രഭാസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. തന്റെ ഗുരുവായ രാജമൗലിക്ക് പ്രത്യേകം നന്ദി പറയാനും പ്രഭാസ് മറന്നില്ല.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യാ റായ്, ഹൃത്വിക് റോഷന്‍, കരീനാ കപൂര്‍, കത്രീനാ കൈഫ്, മാധുരി ദീക്ഷിത് എന്നീ ഇന്ത്യന്‍ താരങ്ങളുടെ പ്രതിമകളാണ് ഇതിനോടകം മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്..