ബാഹുബലി രണ്ടാം ഭാഗത്തിൽ തമന്നയുടെ പല രംഗങ്ങളും എഡിറ്റ് ചെയ്തു നീക്കിയത് സംവിധായകൻ രാജമൗലിയുടെ നിർദേശപ്രകാരം. വിഷ്വൽ ഇഫക്ട് മികച്ചതാകാത്തതിനാലാണ് അവസാന നിമിഷം ഇവ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എഡിറ്റ് ചെയ്ത് നീക്കം ചെയ്ത രംഗങ്ങളിൽ നടി മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും പറയുന്നു.
ഇതിൽ താൻ സന്തുഷ്ടയല്ലെന്നു തമ്മന്ന തുറന്നു പറഞ്ഞതായും ചില ഓൺലൈൻ വെബ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിനായി ആയുധ പരിശീലനവും കുതിര സവാരിയും താൻ അഭ്യസിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ താൻ മികച്ച കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നതെന്നും നടി റിലീസിനു മുൻപ് പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിലെ തന്റെ പല രംഗങ്ങളും നീക്കം ചെയ്തതിൽ ദുഃഖമുണ്ടെന്നു നടി തുറന്നു പറഞ്ഞു.
ആദ്യഭാഗത്തിൽ നിർണായകവും ശക്തവുമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിൽ ക്ളൈമാക്സ് രംഗത്തിൽ മാത്രമാണ് തമന്നനയുടെ അവന്തിക എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. വെറും മൂന്നോ നാലോ സീനുകളിൽ മാത്രം. ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ തമന്നയെ ഒരു മിന്നലാട്ടം പോലെയേ കാണിച്ചുള്ളൂ.