ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്ന ‘സച്ചിൻ’ സിനിമ തിയറ്ററുകളിലെത്തി. ഡോക്യുഫിക്ഷനായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന എല്ലാ സ്വീകാര്യതയോടെയാണ് ചിത്രം തിയറ്റുകളിലെത്തിയത്. കേരളത്തിൽ ഉൾപ്പടെ 2500 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്. വിദേശത്ത് 400 സ്ക്രീനുകളിലും.
മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നിവിടങ്ങളിൽ നിന്നായി ആദ്യദിവസം ഈ ചിത്രം വാരിക്കൂട്ടിയത് 8.4 കോടി രൂപ. ഈ വർഷം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏഴാമത്തെ വലിയ ഓപ്പണിങ് കലക്ഷൻ കൂടിയാണ്. ബാഹുബലി 2, റയീസ്, ജോളി എൽഎൽബി 2, ബദ്രീനാഥ് കി ദുൽഹാനിയ, ഹാഫ് ഗേൾഫ്രണ്ട്, കാബിൽ എന്നിവയാണ് ഇതിന് മുന്നിലുള്ള ഹിന്ദി സിനിമകൾ.
2 മുതൽ 3 കോടി രൂപയാണ് ട്രെയ്ഡ് അനലിസ്റ്റുകൾ പ്രവചിച്ചത്. ഡോക്യുമെന്ററി വിഭാഗത്തിൽപ്പെടുന്ന ചിത്രമെന്ന നിലയിൽ ഇതു റെക്കോർഡ് ആണ്. ധോണിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത സിനിമ ആദ്യ ദിനം 20 കോടി വാരിയിരുന്നു. എന്നാൽ അത് ബോളിവുഡ് സിനിമായായാണ് ചിത്രീകരിച്ചിരുന്നത്.
ഒരു ഡോക്യുമെന്ററിയ്ക്ക് ഇത്രയും സ്വീകാര്യത ലഭിച്ച് കോടികൾ കലക്ഷൻ ലഭിക്കാൻ കാരണം സച്ചിൻ തെൻഡുൽക്കർ എന്ന ഒറ്റപ്പേരാണ്. ഏകദേശം 30 കോടി രൂപയാണ് ഡോക്യുമെന്ററിയുടെ ബഡ്ജറ്റ് എന്നാണ് അറിയാൻ കഴിയുന്നത്.
ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം. എ.ആര്‍. റഹ്മാനാണ് സംഗീതം. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ് നിര്‍മാതാക്കള്‍.