400 കോടി മുതൽ മുടക്കിൽ തമിഴിൽ ഒരുങ്ങുന്ന പിരിയോഡിക് ചിത്രം സംഘമിത്രയിൽ നിന്ന് നായിക ശ്രുതി ഹാസൻ പുറത്ത്. സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല.
Shruti Haasan Speaks about Sangamithra at Cannes Film Festival 2017 | Manorama Online
വാർത്ത ശ്രുതി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സംഘമിത്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് ശ്രുതിയെ അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. സംവിധായകൻ സുന്ദര്‍ സി , എ ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ കാനിലെത്തുകയും ചെയ്തിരുന്നു. എന്നാൽ പെട്ടന്നുള്ളൊരു തീരുമാനം എന്തെന്ന് വ്യക്തമല്ല.
ശ്രുതിയെവച്ച് ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകര്‍ പുറത്തിറക്കിയിരുന്നു. കൂടാതെ ചിത്രത്തിനായി വാൾപയറ്റ് ഉൾപ്പടെയുള്ള ആയോധനകലകളും നടി പഠിച്ചു. എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തിൽ ഇതുവരെ ആരും ൈകവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്.
ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നിർമാണം. ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സുന്ദര്‍ സി പറയുന്നത്.