Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ? ഇത് ക്രൂരം; സലീംകുമാറിനെതിരെ ഭാഗ്യലക്ഷ്മി

salim-bhagyalakshmi

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ സലിംകുമാറിനെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവനയെന്നും എങ്ങനെ ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം–

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായതു കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..

ഏറ്റവും ദുഃഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്. ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. 

ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്..?..

പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ? അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?.. നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.

വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം.. ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.? നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ  സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ...’–ഭാഗ്യലക്ഷ്മി പറഞ്ഞു.

ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് സലിം കുമാർ അഭിപ്രായപ്പെട്ടിരുന്നു. ‘ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം.സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല.’ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സലിംകുമാർ ചൂണ്ടിക്കാട്ടി.