മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി എത്തുന്ന മോഹന്‍ലാലിന്റെ 'ഒടിയന്‍' മോഷൻ പോസ്റ്റർ വൈറലാവുന്നു. ഇന്നു രാവിലെ 11 മണിക്ക് മോഹൻലാലിന്റെ ഒൗദ്യോഗിക ഫെയ്്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത പോസ്റ്റർ ഇതിനോടകം 16 ലക്ഷം ആളുകളാണ് കണ്ടത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനു ലഭിച്ച വൻ സ്വീകരണം അടുത്ത കാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്തതാണ്. മലയാള സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കും ഇൗ ചിത്രമെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.
മീശ വയ്ക്കാതെ, മെലിഞ്ഞ, യൗവനരൂപത്തിലാണ് മോഹൻലാൽ മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്കു വലിയ പ്രതീക്ഷ പകരുന്നതാണ് ലാലിന്റെ ഈ വ്യത്യസ്തരൂപം.പല പ്രായങ്ങളിലൂടെ, വേഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഒടിയൻ എന്ന സിനിമയിലെ നായകനായ മാണിക്കൻ. തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിന്റെ അൻപതു വർഷത്തെ കഥയാണു സിനിമയിലുള്ളത് എന്നതിനാൽ ഒടിയൻ മാണിക്കനും സഹകഥാപാത്രങ്ങളും വിവിധ പ്രായപരിണാമങ്ങളിലൂടെ കടന്നുപോവുന്നുണ്ട്.
മലബാറിലെ ആദ്യത്തെ ‘ക്വട്ടേഷൻ’കാരാണ് ഒടിയൻമാർ. മാന്ത്രികതയും പ്രതികാരവും പ്രണയവും പകയുമൊക്കെ ഇഴചേരുന്ന കഥ മാണിക്കനെക്കുറിച്ചാണ്; ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ. മോഹൻലാൽ എന്ന ഇതിഹാസനായകന്റെ അവിസ്മരണീയമായ വേഷങ്ങളിലൊന്നാവും ഒടിയൻ. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഈ കഥാപാത്രമാവാൻ ലാൽ നടത്തുന്ന സമർപ്പണം സിനിമാചരിത്രമാവുമെന്നാണു പ്രതീക്ഷ. ഇന്നു പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിലെ ലാൽവേഷം ആ പ്രതീക്ഷ ശരിവയ്ക്കുന്നു.
മായികക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. പ്രശസ്ത പരസ്യചിത്രസംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒടിയനു’ശേഷമാണ് അദ്ദേഹം ഇതിഹാസസിനിമയായ ‘രണ്ടാമൂഴം ’ സാക്ഷാത്ക്കരിക്കുക. ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിർവഹിച്ചിരിക്കുന്നത്. അപൂർവസുന്ദരമായ ഈപാലക്കാടൻ കഥ സ്ക്രീനിലെത്തിക്കുന്ന സംവിധായകനും രചയിതാവും പാലക്കാട്ടുകാരാണെന്നത് മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റെ അണിയറയില്‍ ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ സാങ്കേതികവിദഗ്ദ്ധരാണുള്ളത്. ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് ഇന്ത്യൻ സിനിമയെ ത്രസിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫർ പീറ്റര്‍ഹെയ്ന്‍ ആണ്. ‘നരനും’ ‘പുലിമുരുകനു’മൊക്കെ അവിസ്മരണീയമാക്കിയ ഷാജി കുമാറാണ് ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീക്ക് അഹമ്മദിന്റെയും ലക്ഷ്മി ശ്രീകുമാറിന്റേതുമാണ് ഗാനരചന.
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയന്‍' സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മലയാളത്തിൽ വിഎഫ്എക്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്.
ഒാഗസ്റ്റ് ഒന്നിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്,പൊള്ളാച്ചി,ബനാറസ് എന്നിവിടങ്ങളാണ്. ജൂലൈ അഞ്ചിന് തിരുവനന്തപുരത്ത് വച്ചാണു ചിത്രത്തിന്റെ പൂജ.