നടിയെ ആക്രമിച്ച കേസ് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ വിമർശിച്ച് നാദിർഷ രംഗത്ത്. ഫെയ്സ്ബുക്കിലാണ് മാധ്യമങ്ങളെ നിശിതമായി വിമർശിക്കുന്ന പോസ്റ്റ് നാദിർഷ ഇട്ടത്. ആലുവ റൂറൽ എസ്.പി മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ ആണ് വിമർശനക്കുറിപ്പോടെ നാദിർഷ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
‘‘മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവർ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്... അതല്ല പോലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കിൽ ആലുവ റൂറൽ എസ്.പി ഈ പറയുന്ന വാക്കുകള്‍ കേൾക്കുക. മാധ്യമങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലർക്കെങ്കിലും അപ്പോള്‍ മനസ്സിലാകും’’ ഇങ്ങനെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒപ്പം വിഡിയോയും പങ്കു വച്ചിട്ടുണ്ട്.
കോസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയെ അൽപസമയം മുമ്പാണ് പൊലീസ് വിളിപ്പിച്ചത്. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രത്തിൽ ധർമജൻ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. അതിനിടെ നാദിർഷയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഇരുവരെയും ഇന്നു തന്നെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതൽ തെളിവുകൾക്കായി പൊലീസ് കാത്തിരിക്കുകയാണ്.
എഡിജിപി ബി. സന്ധ്യയുടെ മേൽനോട്ടത്തിൽ നടന്ന ആദ്യ ഘട്ട ചോദ്യംചെയ്യലിൽ ദിലീപിന്റെ മൊഴി 143 പേജും നാദിർഷയുടേത് 140 ഉം ആണുള്ളത്.