Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നസെന്റ് പൊട്ടൻ കളിക്കരുത്: ശക്തമായ വിമർശനവുമായി വിനയൻ

vinayan-innocent

അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെതിരെ ശക്തമായ വിമർശനവുമായി സംവിധായകൻ വിനയൻ. സിനിമാ രംഗത്തെ വൃത്തികേടുകൾ തുറന്നു പറഞ്ഞ നടികളെ അപമാനിക്കുകയാണ് ഇന്നസെന്റെന്നും വിവരദോഷങ്ങളും സ്ത്രീവിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വിളമ്പരുതെന്നും വിനയൻ ഫെയ്സബുക്ക് പോസ്റ്റിൽ കുറിച്ചു. 

വിനയൻ ഫെയ്സബുക്കിൽ പറയുന്നതിങ്ങനെ

‘‘ശ്രീമാൻ ഇന്നസെൻെറ് ചേട്ടൻ ..... ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീവിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാൻ നിങ്ങൾക്കിതെന്തു പറ്റി...സിനിമാ രംഗത്തെ വൃത്തികേടുകളും അപജയങ്ങളും,തുറന്നു പറയാൻ തയ്യാറായ പെൺകുട്ടികളെ താങ്കൾ ആവർത്തിച്ച് അപമാനിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 

ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗൽഭരായ നടിമാരിൽ ഒരാളായ പാർവ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ് . ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കിൽ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കൾ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല ചാലക്കുടിയിലേ ജനപ്രതിനിധി കൂടിയാണ് എന്നോർത്താൽ കൊള്ളാം. അന്തരിച്ച മഹാനായ സാസ്കാരിക നായകൻ സുകുമാർ അഴീക്കോട് താങ്കളുടെ ഇന്നസന്റെന്ന പേരിനെ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവർത്തിക്കുന്നില്ല.. 

അതു താങ്കൾ അന്വർത്ഥമാക്കരുത് .... ദയവു ചെയ്ത് ഇനിയും പൊട്ടൻ കളിക്കരുത് .. ഒൻപതു വർഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാൻ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളങ്കനായി പറഞ്ഞ ഇന്നസന്റു ചേട്ടനേ ഞാനിപ്പോൾ ഒാർത്തുപോകുന്നു.. കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ ഫൈൻ അടിക്കുന്നതു വരെ താങ്കൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എൻെറ മനസ്സിൽ തോന്നിയ പ്രതികരണം ഞാൻ മിതമായ ഭാഷയിൽ പറഞ്ഞെന്നേയുള്ളു.. ഇതിന് ഇനി.. മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത്..... അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാൽ വീണ്ടും വിലക്കുമെന്ന് അദ്ദേഹമാണല്ലോ അമ്മയുടെ ജനറൽ ബോഡിയിൽ പറഞ്ഞത്.. ഇന്നസന്റു ചേട്ടനെ കൂടുതൽ എഴുതി ഞാൻ വിഷമിപ്പിക്കുന്നില്ല.. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാൻ കഴിയില്ലാ.. എന്നു താങ്കൾ ഒാർക്കണം..’’

കഴിഞ്ഞ ദിവസമാണ് വിനയന്റെ 9 വർഷം നീണ്ട വിലക്ക് അമ്മ പിൻവലിച്ചത്. പിന്നാലെ അതിനെ സ്വാഗതം ചെയ്ത് വിനയൻ എത്തിയിരുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന നടന്ന സംഭവങ്ങളാണ് ഇപ്പോൾ വിനയൻ വീണ്ടും വിമർശനവുമായി രംഗത്തു വരാൻ‌ കാരണം.