കൊച്ചി∙ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ ഞെട്ടിയത് കേസ് ഒതുക്കിത്തീർത്തെന്ന് വിശ്വസിക്കുകയും പറയുകയും ചെയ്തവർ. സംഭവത്തിൽ ആദ്യം മുതലേ സംശയത്തിന്റെ നിഴലിലായിരുന്നു നടൻ ദിലീപ്. നടിയുമായി ദിലീപിന് നേരത്തെ മുതൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. പിന്നീട് പൊലീസ് ദിലീപിൽ നിന്നും അന്വേഷണം വഴിതിരിച്ചു വിട്ടെന്ന തൊന്നലുളവാക്കുകയും പിന്നാലെ കേസ് ഒതുക്കിത്തീർത്തെന്ന ആരോപണം ഉയരുകയും ചെയ്തു. പ്രമുഖരൊന്നും വലയിലാവില്ല എന്ന് പൊതുജനം പോലും വിശ്വസിച്ചു.
എന്നാൽ ദിലീപിന്റെ അറസ്റ്റ് അക്ഷരാർഥത്തിൽ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ദിലീപിനൊപ്പം സിനിമാ മേഖലയിൽ നിന്നു തന്നെയുള്ള മൂന്നു പേർകൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇതിലൊരാൾ നാദിർഷയാണെന്നും സൂചനയുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണു കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനിൽ ജയിലിൽനിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി.
കേരളത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ
കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിക്കൊപ്പമാണ് നടി ലാലിന്റെ വീട്ടിലെത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫ്, തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് എന്നിവരെ വിവരമറിയിച്ച ലാല്‍, സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ വലയില്‍
കേസിലെ പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ പിറ്റേന്ന് പിടിയിലായി. തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായതോടെയാണ് ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചത്
സംഭവം നടന്ന് ആറാം ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റു ചെയ്തതാണ് കേസില്‍ നിര്‍ണായകമായത്. അതീവ രഹസ്യമായി കോടതി മുറിയില്‍ പ്രവേശിച്ച ഇരുവരെയും അതിനാടകീയമായിട്ടാണ് കൊച്ചി പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തതായി ശത്രുക്കള്‍ കുപ്രചാരണം നടത്തുവെന്ന് ആരോപിച്ച് നടന്‍ ദിലീപ് രംഗത്തെത്തിയിരുന്നു.
നിര്‍ണായകമായത് സുനിയുടെ മൊഴികള്‍
മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പള്‍സര്‍ സുനി ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതും ഇതോടെയാണ്.
തുടര്‍ന്ന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണ് ഇതെന്നായിരുന്നു പൊലീസ് നല്‍കിയ സൂചന. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം 'ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതല്‍ നടപടികളിലേക്കു പൊലീസ് കടക്കുകയായിരുന്നു. ജയിലിലെ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്‍ നല്‍കിയ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.
ക്ലൈമാക്‌സിലേക്ക് എത്തിയത് ഇങ്ങനെ
അന്വേഷണ സംഘത്തിനിടയില്‍ വേണ്ടത്ര ഏകോപനമില്ലെന്ന, സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെന്‍കുമാറിന്റെ വിമര്‍ശനം കേസ് വീണ്ടും ജനശ്രദ്ധയിലെത്തിച്ചു. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അറിവു കൂടാതെ ദിലീപിനെയും നാദിര്‍ഷായെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ അനുമതി ലഭിച്ചു.
നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഡിജിപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ത്തന്നെ തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.