Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീഴ്ചകൾക്കൊടുവിൽ സല്യൂട്ട് അർഹിക്കുന്ന അറസ്റ്റ്

Aluva Police Club

കൊച്ചി∙ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുന്നെന്ന ആരോപണത്തെ അസ്ഥാനത്താക്കി ആഭ്യന്തരവകുപ്പ് നടത്തിയ നിർണായക നീക്കത്തിന് പൊതുജനത്തിന്റെ വൻ പിന്തുണ. ആലുവ പൊലീസ് ക്ലബിനു മുന്നിൽ കൂടിയ ആളുകൾ മുതൽ സോഷ്യൽ മീഡിയയിൽ വരെ പൊലീസിന്റെ നടപടിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ജിഷ കേസിൽ തുടങ്ങി ജിഷ്ണു കേസിൽ വരെ വീഴ്ചകളുടെ പാപഭാരമേറിയ കേരള പൊലീസിന് ആർജവവും ആത്മവിശ്വാസവും പകരുന്നതായി ഇൗ കേസിലെ തുടർനടപടികൾ. 

യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ഞെട്ടിയത് കേസ് ഒതുക്കിത്തീർത്തെന്ന് വിശ്വസിക്കുകയും പറയുകയും ചെയ്തവരാണ്. ദിലീപിന്റെ അറസ്റ്റ് അക്ഷരാർഥത്തിൽ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. സംഭവത്തിൽ ആദ്യം മുതലേ സംശയത്തിന്റെ നിഴലിലായിരുന്നു നടൻ ദിലീപ്. നടിയുമായി ദിലീപിന് നേരത്തെ മുതൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. പിന്നീട് പൊലീസ് ദിലീപിൽ നിന്നും അന്വേഷണം വഴിതിരിച്ചു വിട്ടെന്ന തൊന്നലുളവാക്കുകയും പിന്നാലെ കേസ് ഒതുക്കിത്തീർത്തെന്ന ആരോപണം ഉയരുകയും ചെയ്തു. പ്രമുഖരൊന്നും വലയിലാവില്ല എന്ന് പൊതുജനം പോലും വിശ്വസിച്ചു. 

പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണു കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനിൽ ജയിലിൽനിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി.