ഭാഗ്യനിർഭാഗ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ചൂതാട്ടം കൂടിയാണ് സിനിമാമേഖല. സിനിമാക്കാരുടെ ഇടയിലെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പരസ്യമായ രഹസ്യവുമാണ്. നടൻ ദിലീപും ഇത്തരം വിശ്വാസങ്ങൾവച്ചുപുലർത്തിയിരുന്നു. ജൂലൈ ദിലീപിനെ സംബന്ധിച്ച് ഭാഗ്യം കൊണ്ടുവരുന്ന മാസമാണ്. ഈ വിശ്വാസത്തിന്റെ പുറത്താണ് ദിലീപിന്റെ ചിത്രങ്ങളായ പറക്കുംതളിക, സി.ഐ.ഡി മൂസ, മീശമാധവൻ എന്നീ സിനിമകൾ വിവിധ വർഷങ്ങളായി ജൂലൈയിൽ പുറത്തിറക്കിയത്. ദിലീപ് എന്ന താരത്തിന്റെ ഉദയം കണ്ട മാസമായിരുന്നു ജൂലൈ.
ജൂലൈ 4ന് പുറത്തിറക്കിയ ചിത്രങ്ങൾ എല്ലാംതന്നെ മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളും ഒപ്പം ഏറ്റവും അധികം കാശ് വാരിയ പടങ്ങളുടെ പട്ടികയിലുമായി. തകർച്ചയിലായിരുന്ന മലയാളസിനിമയെക്കൂടിയാണ് ദിലീപ് എന്ന നടൻ താരമായതോടെ കൈപിടിച്ച് ഉയർത്തിയത്. ആളൊഴിഞ്ഞ തീയറ്ററുകൾ ജനസാഗരങ്ങളായതും ദിലീപ് ചിത്രൾ റിലീസ് ചെയ്ത ജൂലൈ മാസങ്ങളിലായിരുന്നു.
ദിലീപ് എന്ന നടന്റെ വളർച്ചയുടെ പടവുകൾ ഉറപ്പിക്കുന്നവ കൂടിയായിരുന്നു ഈ സിനിമകൾ. ജനപ്രിയനടൻ എന്ന ലേബലിലേക്ക് ദിലീപിനെ എത്തിച്ചതും ഈ ചിത്രങ്ങളായിരുന്നു. എന്നാൽ ഈ വിശ്വാസത്തിന്റെ ബലത്തിൽ റിലീസ് ചെയ്ത ജോഷി ചിത്രം ജൂലൈ 4 ബോക്സോഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ജൂലൈ എന്ന ഭാഗ്യമാസത്തെ കൂട്ടുപിടിച്ച് ഏറ്റവും പുതിയ ചിത്രം രാമലീലയും നാലാം തീയതി തന്നെയാണ് ഇറക്കാനിരുന്നത്. എന്നാൽ വിവാദങ്ങളെ തുടർന്ന് സിനിമയുടെ റിലീസ് 21–ാം തീയതിയിലേക്ക് മാറ്റി. പക്ഷെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജൂലൈ എന്ന ഭാഗ്യമാസം പോലും ദിലീപിന്റെ തുണയ്ക്ക് എത്തിയില്ല. നേട്ടങ്ങൾ നൽകിയ ജൂലൈ തന്നെ ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യത്തിന്റെ നിമിഷമായി മാറുന്ന കാഴ്ച്ചയാണ് അറസ്റ്റിലൂടെ ജനങ്ങൾ കണ്ടത്.
ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.