Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനു പങ്കുണ്ടെന്ന ആദ്യ സൂചന വന്നത് നാട്ടിൽ നിന്ന്

dileep-26

പൾസർ സുനിയുടെ നേതൃത്വത്തിൽ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന സൂചന ആദ്യം പുറത്തുവന്നതു സ്വന്തം നാട്ടിൽ നിന്നു തന്നെ. ദിലീപ് ഇതു നിഷേധിക്കുകയും വാർത്ത പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തെങ്കിലും ആ വാക്കുകൾ ആലുവാക്കാർ മുഖവിലയ്ക്കെടുത്തില്ല. ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തിട്ടും പ്രതിഷേധിക്കാൻ നാട്ടുകാരിൽ ഒരാൾ പോലും മുന്നോട്ടുവന്നില്ല. കേസിൽ ഏതാനും പ്രതികൾ അറസ്റ്റിലായതോടെ സംഭവവുമായി ദിലീപിനുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർ ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു.

ഒരു സന്ധ്യയ്ക്കു രണ്ടു വാഹനങ്ങളിലായി പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നായിരുന്നു സൂചന. വാഹനങ്ങൾ പാലസ് വളപ്പിലിട്ട ശേഷം നടന്നാണ് ഇവർ പോയത്. എല്ലാവരും മഫ്തിയിലായിരുന്നു. ചിലരുടെ കയ്യിൽ ഫയലുകളും ഉണ്ടായിരുന്നു. നേരത്തേ നഗരത്തിൽ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സംഘത്തിന്റെ വഴികാട്ടി. ഈ സമയത്തു പാലസ് പരിസരത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകർ പൊലീസുകാരെ ശ്രദ്ധിച്ചു. അവരാകട്ടെ ഇരുട്ടായതിനാൽ രാഷ്ട്രീയക്കാരെ കണ്ടുമില്ല.

ഇതിനിടെ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ചയാൾ ‘വീടെവിടെയാണെ’ന്നു ചോദിച്ചതും രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ‘ആ കാണുന്നതാണ്, നടക്കാവുന്നതേയുള്ളൂ’ എന്നു പറഞ്ഞതും രാഷ്ട്രീയക്കാർ കേട്ടു. പക്ഷേ, പൊലീസ് സംഘം ദിലീപിന്റെ വീട്ടിലേക്കു കയറുന്നതു മതിലിന്റെ മറമൂലം ഇവർക്കു കാണാൻ കഴിഞ്ഞില്ല. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പൊലീസ് പോയതു ദിലീപിന്റെ വീട്ടിലേക്കു തന്നെ എന്നുറപ്പിച്ച പൊതുപ്രവർത്തകരാണ് നടനെ പൊലീസ് ചോദ്യംചെയ്തെന്ന വിവരം ആദ്യം പുറത്തുവിട്ടത്. പിറ്റേന്നു റൂറൽ എസ്പി ഇതു നിഷേധിച്ചെങ്കിലും തുടർന്നുള്ള നടപടികൾ പൊതുപ്രവർത്തകർ നൽകിയ സൂചന ശരിവയ്ക്കുന്നതായിരുന്നു.