Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ വാദവും അമ്മയുടെ നിലപാടും; താരാശ്ലേഷത്തിന്റെ തിരിച്ചറിവുകൾ

mukesh-dileep

സിനിമാഭാഷയിൽ പറഞ്ഞാൽ ഈ കഥ, അല്ല സംഭവം നടക്കുന്നത് വർഷങ്ങൾക്കുമുമ്പാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായിരുന്ന കെ. ചാത്തുണ്ണി മാസ്റ്റർ തന്റെ സാംസ്കാരികദൗത്യത്തിന്റെ ഭാഗമായി എഴുപതുകളുടെ അവസാനം ഒരു ചലച്ചിത്ര നിർമാണസംരംഭത്തിനു തുടക്കമിട്ടു: ജനശക്തിഫിലിംസ്.

ഇടതുപക്ഷ ചലച്ചിത്രസങ്കൽപങ്ങൾക്ക് അനുസരിച്ചുള്ള സിനിമ പുറത്തിറക്കണമെങ്കിൽ അത്തരമൊരു കൂട്ടായ്മ വേണമെന്നായിരുന്നു കാഴ്ചപ്പാട്. പലകാരണങ്ങളാൽ കമ്പനി പൊളിഞ്ഞു; ആരോപണങ്ങളുയർന്നു. പാർട്ടി അച്ചടക്കവാളെടുത്തു. സിനിമയുടെ മായികലോകം സൃഷ്ടിക്കുന്ന അപച്യുതി, കളങ്കം അതൊന്നും പാർട്ടിയെ തീണ്ടാൻ പാടില്ല. സിപിഎമ്മിന്റെ ഏറ്റവും ജനകീയ നേതാക്കളിലൊരാളായിരുന്ന ചാത്തുണ്ണി മാസ്റ്റർ, ഇതടക്കമുള്ള കാരണങ്ങളുടെ പേരിലുണ്ടായ നടപടിയെത്തുടർന്നു പാർട്ടിയോടു വഴിപിരി‍ഞ്ഞു.

കാലം മാറി. ചലച്ചിത്രതാരങ്ങളെ ദേവീദേവന്മാരെപ്പോലെ ആരാധിക്കുന്നവർക്കൊപ്പം രാഷ്ട്രീയക്കാരും കൂടി. കേരളത്തിലെ തിരഞ്ഞെടുപ്പു വേദികളിൽ താരസാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതായി. ഇടതുപക്ഷ സിനിമാസങ്കൽപങ്ങളോടു ചേർന്നുനിൽക്കുന്നവരെയാണ്, സിപിഎമ്മും മറ്റും ആദ്യം പരിഗണിച്ചിരുന്നതെങ്കിൽ വാണിജ്യസിനിമക്കാരെക്കൂടി ആകർഷിക്കുന്നതിലേക്കു ശൈലി മാറി. സിനിമയുടെ ആന്തരികരാഷ്ട്രീയം വിലയിരുത്തുന്നതിനു പകരം ‘ചുവന്ന ജൂബകളും സിന്ദാബാദ്’ വിളികളും കണ്ട് ഹരംകൊണ്ടാൽ മതിയെന്നുമായി.

ജനങ്ങൾ ആരാധിക്കുന്ന സിനിമക്കാർ കൂടെയുണ്ടായാൽ തങ്ങൾക്കും ഗുണമുണ്ടെന്ന പുതിയ രാഷ്ട്രീയകാഴ്ചപ്പാടാണു കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യധാരാസിനിമാക്കാരായ രണ്ട് പാർലമെന്റ് അംഗങ്ങളെയും രണ്ട് നിയമസഭാംഗങ്ങളെയും സൃഷ്ടിച്ചത്; ഇന്നസെന്റ്, സുരേഷ് ഗോപി, മുകേഷ്, ഗണേഷ്. സിപിഎമ്മിന്റെ ‘കൈരളി’യുടെ ചെയർമാൻ മെഗാതാരമായ മമ്മൂട്ടിയും. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തു ഗണേഷിനെതിരെ ജഗദീഷിനെയിറക്കി വ്യത്യസ്തരല്ലെന്നു യുഡിഎഫും വിളിച്ചോതി. അടുത്തിടപഴകാനും വേദികൾ പങ്കിടാനുമുള്ള ഒരവസരവും താരങ്ങളും രാഷ്ട്രീയക്കാരും പാഴാക്കിയില്ല. അങ്ങനെ സിനിമയും രാഷ്ട്രീയവും തമ്മിലെ അതിരുകൾ നേർത്തുനേർത്തു വരുമ്പോഴാണ് പിണറായി വിജയന്റെ സർക്കാർ, ആ വ്യവസായത്തെത്തന്നെ നിയന്ത്രിക്കുന്ന നടനെ ജയിലഴിക്കുള്ളിലാക്കി സിനിമാലോകത്തെ ഞെട്ടിച്ചത്.

ഇത്രമാത്രം ഇഴയടുപ്പമുള്ള സർക്കാരും മുഖ്യമന്ത്രിയും ഭരിക്കുമ്പോൾ ഇതു സംഭവിച്ചല്ലോ എന്നു ഖേദിക്കുന്ന ദിലീപ് അനുകൂലികൾ സിനിമാരംഗത്തുണ്ട്. സ്വന്തം ചാനലായ ‘കൈരളി’യിൽ ‘ദിലീപ് വാർത്തകൾ’ പ്രവഹിക്കുന്നതു നിയന്ത്രിക്കാൻ കഴിയാത്ത തനിക്കാണോ ആഭ്യന്തരവകുപ്പിനെ സ്വാധീനിക്കാനാകുന്നതെന്ന മറുചോദ്യമാണത്രെ അത്തരക്കാരോട് മമ്മൂട്ടി ഉന്നയിച്ചത്. കേസിൽ ഗൂഢാലോചനയില്ലെന്ന പ്രതികരണം ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന തന്നിൽ നിന്ന് ആദ്യഘട്ടത്തിലുണ്ടായതു ശരിയായില്ലെന്നു പിണറായി വിജയനും തിരിച്ചറിഞ്ഞു. പൊലീസ് അന്നുനൽകിയ  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെങ്കിലും ആ പേരിൽ ‘ഈഗോ’യ്ക്കു മുതിർന്നില്ല. അറസ്റ്റിന് രാഷ്ട്രീയാനുമതിയുണ്ടാകില്ലെന്ന പൊലീസ് ഉന്നതന്റെ സന്ദേശം തിരുത്താനും തയാറായി. സ്വന്തം പാളയത്തിലെ സിപിഐയിൽ നിന്നടക്കം ആഭ്യന്തരവകുപ്പിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കു ചുട്ടമറുപടി നൽകേണ്ടതു മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ആവശ്യമായിരുന്നു.

നിയമസഭയ്ക്കകത്തും പുറത്തുമുള്ള മുകേഷിന്റെ പ്രവർത്തനത്തോടു പാർട്ടിക്കു മതിപ്പില്ലാതിരിക്കെയാണ് അദ്ദേഹം പുതിയ കെണിയിൽ വീണത്. ‘അമ്മ’ വേദിയിലെ പ്രതികരണങ്ങൾക്കെതിരെ കൊല്ലം ജില്ലാകമ്മിറ്റിക്കു പിന്നാലെ ഏരിയാകമ്മിറ്റിയിലുണ്ടായ വിമർശനങ്ങൾക്കും കണക്കില്ല. ‘ഇയാളെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചപ്പോൾ നാക്കെവിടെപ്പോയി’ എന്നാണു കൊല്ലത്തെത്തിയ സിപിഎം മന്ത്രി പാർട്ടിയുടെ മേയറോടു ക്ഷോഭിച്ചത്.

മമ്മൂട്ടി വഴി ചാലക്കുടിയിൽ സ്ഥാനാർഥിയും എംപിയുമായി മാറിയ ഇന്നസെന്റിന്റെ സംസാരശൈലിയോടും നേതൃത്വത്തിനു വിയോജിപ്പുണ്ട്. പക്ഷേ, ‘അമ്മ’യിലെ ഇവരുടെ പ്രവർത്തനം വിലക്കാൻ സിപിഎമ്മിനു തൽക്കാലം ഉദ്ദേശ്യമില്ല. ‘അമ്മ’ പിരിച്ചുവിടണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടിയേരി നൽകിയ മറുപടി പ്രതിപക്ഷത്തിനു മാത്രമല്ല, ആ ആവശ്യം ഉന്നയിച്ച വിഎസ് അച്യുതാനന്ദനു കൂടിയാണ്. ‘അമ്മ’യുടെ അടിയന്തര എക്സിക്യൂട്ടീവിനു വേദിയായ തന്റെ വസതിക്കു മുന്നിലേക്കു യൂത്ത് കോൺഗ്രസും മറ്റും മാർച്ച് നടത്തിയതിന്റെ പേരിൽ മമ്മൂട്ടിയുടെ രോഷം കേൾക്കേണ്ടിവന്നത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. അവരുടെ നിർദേശത്തെത്തുടർന്നു സമരക്കാർ പിന്മാറി. ‘കുറ്റം തെളിയുന്നതുവരെ’ ദിലീപിനു സസ്പെൻഷൻ മതിയെന്ന വാദം അവിടെ ഉയർന്നുവെങ്കിലും ‘ഇപ്പോൾ പുറത്താക്കൽ അനിവാര്യം’ എന്ന പൃഥ്വിരാജിന്റെ വാദത്തിനു മേൽക്കൈ കിട്ടിയതു സൂചിപ്പിക്കുന്നതു സിനിമയിലെ തലമുറമാറ്റവും.

മുകേഷിനും ഇന്നസെന്റിനുമെതിരെ പ്രതിപക്ഷം കടുപ്പിക്കുന്നുവെന്നു വന്നതോടെയാണു ‘ഭായി’ എന്നു ദീലിപ് വിളിക്കുന്ന കോൺഗ്രസിന്റെ അൻവർ സാദത്ത് എംഎൽഎയും ചിത്രത്തിലേക്ക് ആനയിക്കപ്പെടുന്നത്. തന്റെ ദിലീപ് സൗഹൃദത്തിന്റെ പേരിൽ സ്വന്തം ആലുവ പ്രകമ്പനം കൊള്ളുന്നത്, സ്നേഹിതരായ കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ലോകം ചുറ്റിനടന്ന സാദത്തിനെ ചെറുതായല്ല ബാധിച്ചത്. മുകേഷും സാദത്തും ചോദ്യം ചെയ്യപ്പെടുമോയെന്നത് അറിയാനിരിക്കുന്ന കാര്യമാണെങ്കിലും വ്യക്തിബന്ധം മാത്രമെങ്കിൽ എംഎൽഎമാരെ കേസിലേക്കു വലിച്ചിഴയ്ക്കാൻ നിലവിൽ രാഷ്ട്രീയാനുമതിയില്ല.

മുകേഷിന്റെ മകന്റെ ചലച്ചിത്രപ്രവേശനത്തിന് ആശിർവാദമേകാൻ മുഖ്യമന്ത്രി ഇന്നലെ തയാറായതും ആ സൂചന തന്നെ നൽകുന്നു. പിണറായിയുടെ സാന്നിധ്യം ചെറിയ ആശ്വാസമായിരിക്കില്ല താരത്തിനു നൽകുന്നതും. ചാത്തുണ്ണി മാസ്റ്ററുടെ  സിനിമാപ്രവർത്തനം അവമതിപ്പുണ്ടാക്കിയെന്നു വിലയിരുത്തിയ കാലത്തെ സിപിഎം അല്ല ഇതെന്നും കൂടുതൽ വ്യക്തം. പക്ഷേ, കാണികളായ ജനങ്ങൾക്കും തങ്ങൾക്കുമിടയിൽ ഒരവിശ്വാസം രൂപപ്പെട്ടു തുടങ്ങിയോയെന്നു ഭയക്കുന്നവർ ചലച്ചിത്രമേഖലയിലുണ്ട്. താരാശ്ലേഷത്തിനു മുതിരുമ്പോൾ രാഷ്ട്രീയനേതൃത്വത്തിനും അതുകൊണ്ടു ജാഗ്രതയോടെ നീങ്ങേണ്ടിവരും.