Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്ത്,പിന്നീട് അകന്നു: പൊലീസിനോട് കാവ്യമാധവൻ

kavya

ആക്രമിക്കപ്പെട്ട നടിയും താനും സൗഹൃദത്തിലായിരുന്നെന്നും വിദേശത്തെ സ്റ്റേജ് ഷോയ്ക്ക് ശേഷം അകൽച്ചയിലാകുകയായിരുന്നെന്നും അന്വേഷണ സംഘത്തോട് കാവ്യമാധവൻ. കഴിഞ്ഞദിവസം നടന്ന മൊഴിയെടുക്കലിലാണ് നടിയുമായുള്ള അടുപ്പവും അകൽച്ചയും കാവ്യ തുറന്നു പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ കാരണമാണ് പൊലീസ് സംഘം ആദ്യം ചോദിച്ചറിഞ്ഞത്. നടിയുമായി പതിനാലുവർഷത്തെ പരിചയമുണ്ടെന്നും സിനിമയിലെ മറ്റു സഹപ്രവർത്തകരേക്കാൾ കൂടുതൽ അടുപ്പം പുലർത്തിയിരുന്നുവെന്നും കാവ്യ മറുപടി നൽകി. എന്നാൽ, പീന്നീട് അകന്നു. വ്യക്തിപരമായ ചില കാരണങ്ങളായിരുന്നു ഇതിനു പിന്നിലെന്നും കാവ്യ മറുപടി നൽകി. 

ഇതു സംബന്ധിച്ച കൂടുതൽ വിശദീകരണം നടിയുടെ ഭാഗത്തുനിന്ന്  ഉണ്ടായില്ല. എന്നു മുതലാണ് അകൽച്ച ആരംഭിച്ചതെന്ന ചോദ്യത്തിന് ആദ്യം മറുപടി നൽകിയില്ലെങ്കിലും പൊലീസ് ചില ഉപചോദ്യങ്ങൾ ചോദിച്ചതോടെ ഒരു വിദേശ ഷോയ്ക്കുശേഷമാണ് ബന്ധം വഷളാകുന്നതെന്നും അതിനുശേഷം ഒരു തവണ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും കാവ്യ മറുപടി നൽകി.

ക്വട്ടേഷനെക്കുറിച്ചോ സുനിയെക്കുറിച്ചോ തനിക്കറിയില്ലെന്നു കാവ്യ പൊലീസിനോട് പറഞ്ഞു. സുനി ലക്ഷ്യയിൽ വന്നോ എന്ന കാര്യവും തനിക്കറില്ല. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം വഷളായതിനു പിന്നിൽ  സാമ്പത്തിക ഇടപാടുകളായിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. 

കാവ്യ നൽകിയ മറുപടികൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി വരും ദിവസങ്ങളിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും.