കൊച്ചുണ്ണിയായി നിവിൻ; ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നായിക അമല പോൾ

ചന്തുവും തച്ചോളി ഒതേനനും പഴശിരാജയും ഉൾപ്പെടെയുള്ള ചരിത്രപുരുഷൻമാർ അരങ്ങുവാണ മലയാള സിനിമയിലേക്കു ജനപ്രിയ കള്ളൻമാരുടെയെല്ലാം തലതൊട്ടപ്പനായ കായംകുളം കൊച്ചുണ്ണി വീണ്ടും. 

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പുതിയ കൊച്ചുണ്ണിയായി അവതരിക്കുന്നതു നിവിൻ പോളി. അമല പോൾ ആണ് നായിക. രാജേഷ് പിള്ളയുടെ മിലിക്ക് ശേഷം അമലയും നിവിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

കൊച്ചുണ്ണിയുടെ കാലത്തെ കായംകുളത്തിന്റെ മുഖഛായ ഇപ്പോൾ ആകെ മാറിയതിനാൽ പുതുസിനിമയിൽ കായംകുളമാവുന്നതു ശ്രീലങ്കൻ ഗ്രാമമാണ്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബർ ആദ്യം ശ്രീലങ്കയിൽ ആരംഭിക്കും. കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും. 

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായത്. 

‘നമ്മൾ ഈ കാലത്തു കാണാനാഗ്രഹിക്കുന്ന ഒരു കൊച്ചുണ്ണിയുണ്ട്. കാലത്തിനനുസരിച്ചുള്ള ആ സമീപന രീതിയാവും പ്രമേയത്തിലെ പുതുമ. വടക്കൻപാട്ടുകളിൽ കേട്ട ചന്തുവിന്റെ കഥയ്ക്ക് ഒരു പാഠഭേദമായിരുന്നു എംടി എഴുതിയ ഒരു വടക്കൻ വീരഗാഥയിൽ കണ്ടത്. ഒരുപോലൊരു വകഭേദം ഈ സിനിമയിലുമുണ്ട്.’ 

‘കൊച്ചുണ്ണിയുടെ കഥയിൽ പലയിടത്തും അതെങ്ങനെ, എന്തുകൊണ്ടു സംഭവിച്ചു എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ സിനിമ. കള്ളനാകുന്നതിനു മുൻപുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും സാമൂഹിക സാഹചര്യങ്ങളും പ്രണയവുമെല്ലാമുണ്ട് ഇതിൽ. ത്രില്ലിങ് ആയി അതു പറയാനാണു ശ്രമം. Most dangerous man എന്നാണു സബ് ടൈറ്റിൽ. ചരിത്ര വിദ്യാർഥികൾ ഉൾപ്പെടെ എട്ടംഗ സംഘത്തിന്റെ രണ്ടര വർഷത്തെ പഠനത്തിനു ശേഷമാണു തിരക്കഥയെഴുതിയത്. 10-12 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്’- റോഷൻ ആൻഡ്രൂസ് പറയുന്നു.

‘കുട്ടിക്കാലം മുതൽ ഫാന്റസി സമ്മാനിച്ചൊരു കഥാപാത്രമാണു കായംകുളം കൊച്ചുണ്ണി. ഐതിഹ്യമാലയിൽ കൊച്ചുണ്ണിയുടെ നന്മ നിറഞ്ഞ വീര മോഷണ കഥകളുടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിനു കൊച്ചുണ്ണി വിവാഹിതനായി എന്നു മാത്രമാണുള്ളത്. അയാളുടെ പ്രണയം എങ്ങനെയായിരുന്നു. കള്ളനെ എന്തുകൊണ്ട് ആ സ്ത്രീ പ്രണയിച്ചു... അതെല്ലാം ഈ സിനിമയിലെ രസങ്ങളാണ്. അക്കാലത്തെ ഭാഷയിൽ പോലുമുണ്ടു രസം. മൂന്നു തവണയായി മാറ്റിയെഴുതി മിനുക്കിയെടുത്തതാണു തിരക്കഥ’- സഞ്ജയ് പറയുന്നു. 

എന്തുകൊണ്ട് നിവിൻ പോളി?

‘കൊച്ചുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രണയുമെല്ലാമുണ്ടു സിനിമയിൽ. പുതുതലമുറയിൽ ഏതു റോളിലേക്കും ശരീരഭാഷ വഴങ്ങുന്ന ഒരു നടനായതുകൊണ്ടാണു നിവിനെ കൊച്ചുണ്ണിയാക്കാൻ തീരുമാനിച്ചത്. ഇതു കഴിഞ്ഞുള്ള ഞങ്ങളുടെ അടുത്ത ചിത്രത്തിലും നായകനാവുന്നതു നിവിനാണ്. രണ്ടു സിനിമയുടെ കഥയും ഒരുമിച്ചാണു പറഞ്ഞത്. അതു കേട്ടു ത്രില്ലടിച്ച നിവിൻ രണ്ടിലും അഭിനയിക്കുമെന്ന് ഉറപ്പു പറയുകയായിരുന്നു. 

കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കടലുമായി ബന്ധപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് അടുത്ത സിനിമ. ലാറ്റിൻ കാത്തലിക് സമുദായവുമായി ബന്ധപ്പെട്ട കാപ്പിരി മിത്തൊക്കെ വരുന്നുണ്ടതിൽ. അതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും. അമേരിക്കൻ കമ്പനിയും ആ സിനിമയുടെ നിർമാണ പങ്കാളിയാകും. ഈ രണ്ടു സിനിമകളും തമിഴിലേക്കു മൊഴിമാറ്റുന്നുമുണ്ട്’– റോഷൻ ആൻഡ്രൂസ് പറഞ്ഞു. ഐതിഹ്യമാലയിൽ വർണിക്കുന്ന കൊച്ചുണ്ണിയുടെ ശരീര പ്രകൃതിയുമായി ഏറ്റവും ചേർന്നു നിൽക്കുന്ന നടനാണു നിവിനെന്നാണ് സഞ്ജയുടെ നിരീക്ഷണം. 

പടയൊരുക്കം

ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. അതിനു തന്നെ മൂന്നു മാസം വേണ്ടി വരും. ആറ്-ഏഴ് ആക്‌ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കുക. അഞ്ചുവരെ പാട്ടുകളുമുണ്ടാവും. കബാലി, 36 വയതിനിലെ എന്നിവയുടെ സംഗീതം നിർവഹിച്ച സന്തോഷ് നാരായണനെ മലയാളത്തിലും അവതരിപ്പിക്കാനാണു ശ്രമം.