നർത്തകനും നടനുമായ രാജ വെങ്കിടേഷ് (രാജാറാം-53) നിര്യാതനായി. ശ്വാസകോശ രോഗത്തിനൊപ്പം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു. മൃതദേഹം ചിറ്റൂർ റോഡിലെ വീട്ടിൽ എത്തിച്ച ശേഷം വൈകിട്ട് രവിപുരം ശ്മശാനത്തിൽ സംസ്‌കരിച്ചു.
പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാൺ ഭാര്യയാണ്. നർത്തകിയായ സൗഭാഗ്യയാണു മകൾ. രോഗം ഗുരുതരമായതിനെ തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയാക് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ നില അതീവ ഗുരുതരമായി അന്ത്യം സംഭവിക്കുകയായിരുന്നു.
രാമസ്വാമിയുടെയും രാജലക്ഷ്മിയുടെയും മകനാണ്. നൃത്ത അധ്യാപകനായിരുന്ന രാജാറാം ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചാനൽ അവതാരകനുമായിരുന്നു. നൃത്ത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായിരുന്നു.