യുവനടിയെ ആക്രമിച്ച കേസിൽ പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായ ദിലീപിന്റെ മാനേജർ എ.എസ്.സുനിൽരാജ് (അപ്പുണ്ണി) നെ വിട്ടയച്ചതിൽ ദുരൂഹത. ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതൽ ഒളിവിലായിരുന്ന അപ്പുണ്ണി അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു. കേസിൽ നിർണായക പങ്കു വഹിക്കുന്ന അപ്പുണ്ണിയെ ആറുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചതെന്തിനെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.
അപ്പുണ്ണിയടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ സുനിൽകുമാർ(പൾസർ സുനി) കുറ്റകൃത്യത്തിനു മുൻപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപിനെതിരായ പ്രധാന തെളിവുകളിലൊന്നായി പ്രോസിക്യൂഷൻ ഉയർത്തിക്കാണിക്കുന്നതും ഇതാണ്. റിമാൻഡിൽ കഴിയുന്ന സുനിൽ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാൻ ജയിലിനുള്ളിൽ സുനിൽ ഏൽപിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരൻ വിഷ്ണു അയച്ചതും ഇയാൾക്കാണ്.
പ്രത്യക്ഷത്തിൽ തന്നെ കേസുമായി ഇത്രയധികം ബന്ധപ്പെട്ട ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചതെന്തുകൊണ്ടാണെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നില്ല. അതേമയം കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്ന് അപ്പുണ്ണി മൊഴി നൽകി. പൾസർ സുനിയുമായി മുൻപരിചയമുണ്ടായിരുന്നു. നടനും എംഎൽഎയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ സുനിയുമായി പരിചയമുണ്ട്. ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അപ്പുണ്ണിയുടെ മൊഴി ഇങ്ങനെ
ജയിലിൽനിന്ന് പൾസർ സുനി വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതു പോലെ സംസാരിക്കാൻ ദിലീപ് ആവശ്യപ്പെട്ടു. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. ജയിലിൽനിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂർ ടാക്സി സ്റ്റാൻഡിലും പോയി. എന്നാൽ ഗൂഢാലോചനയെപ്പറ്റി അറിയില്ല.
2013 ൽ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസസർ സുനിയുമായി അടുത്ത പരിചയമുണ്ട്. തന്റെ ഫോൺ നമ്പരും സുനിയുടെ കൈയ്യിലുണ്ടാകാം. ജയിലിൽനിന്ന് പൾസർ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്നറിയില്ല. സിനിമാ സെറ്റുകളിൽ ചിലപ്പോളൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അറിയില്ല.