സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

നടി സജിതാ മഠത്തിലിനെതിരെ പരിഹാസരൂപേണയുള്ള വിമർശനവുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വനിത സംഘടനയുമായി ബന്ധപ്പെട്ട് നടിമാർക്കിടയിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. ലക്ഷ്മിപ്രിയ, ശ്വേത മേനോൻ അടക്കമുള്ളവർ സ്ത്രീ കൂട്ടായ്മയോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.

എന്നാൽ മനഃപൂർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും വുമൻസ് കലക്ടീവിന്റെ അംഗങ്ങളിലൊരാളായ സജിത മഠത്തിൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ വനിതാ സഹപ്രവർത്തകരിൽ നിന്ന് ഒരുപാട് പേർ ഇതിൽ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘടന റജിസ്റ്റർ ചെയ്യുന്നതുവരെ കാത്തിരിക്കണമെന്നും സജിത മഠത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയിൽ മറുപടിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തി. 

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ–

‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ WCC യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ...’