Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ജീവിതമാണ് അപർണ ചെയ്ത അനുപമ; വിശദീകരണവുമായി ഹിമ

aparna-hima

സിനിമയെ പിന്തുണക്കാതെ തന്റെ വാക്കുകൾ മാത്രം വാർത്തയാക്കിയതിൽ വിഷമമുണ്ടെന്ന് നടി ഹിമ ശങ്കർ. സർവോപരി പാലാക്കരൻ എന്ന സിനിമയുടെ പ്രചാരണത്തിനിടെ ഹിമ പറഞ്ഞ പ്രസ്താവനകളാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അപർണ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രത്തെ ഹിമയുടെ ജീവിതത്തിൽ നിന്നും പ്രോചദനം ഉൾക്കൊണ്ടാണ് എഴുതിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് ഹിമ പത്രസമ്മേളനത്തിനെത്തിയതും, എന്നാൽ അതിൽ നിന്നും ഹിമ പറഞ്ഞൊരു സംഭവത്തെ പെരുപ്പിച്ച് കാട്ടിയാണ് എല്ലാ വാർത്തകളും വന്നത്. സിനിമയെ പിന്തുണക്കാതെ തന്റെ വാക്കുകൾ മാത്രം വാർത്തയായതിൽ വിഷമമുണ്ടെന്നും ഒരു മികച്ച സിനിമയെ അവഗണിക്കരുതെന്നും ഹിമ പറയുന്നു.

ഹിമയുടെ വാക്കുകളിലേക്ക്–

സർവോപരി പാലാക്കരൻ എന്ന സിനിമയുമായി എനിക്കുള്ള ബന്ധം വെളിവാക്കാനാണ് ആ പത്രസമ്മേളനത്തിനെത്തിയത്. എന്റെ ജീവിതത്തിലെ ചില സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അപർണ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രം അവർ ചെയ്തിരിക്കുന്നത്. ഞാനും സുഹ‍ൃത്തും രാത്രി 12.30യ്ക്ക് ബൈക്കിൽ പോയപ്പോൾ പൊലീസ് പിടിച്ച് നിറുത്തിയതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും, സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ രാത്രിയിൽ പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോൾ പൊലീസുമായിട്ടുള്ള കുറച്ച് പ്രശ്നങ്ങളൊക്കെയാണ് ആ സിനിമയിൽ ഉള്ളത്. 

കൂടാതെ എന്നെപ്പോലെ ഒറ്റയ്ക്ക് താമസിക്കുന്ന പെൺ കുട്ടികൾ അനുഭവിക്കുന്ന കുറേ പ്രശ്നങ്ങളും സിനിമ ചർച്ച ചെയ്യുന്നു. ഞങ്ങളുടെ ജീവിതത്തോട് അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് അപർണ ചെയ്ത അനുപമ എന്ന കഥാപാത്രം.  ഈ കാര്യങ്ങളെക്കുറിച്ച് പറയാനാണ് അവിടെ പോയത്. അപ്പോൾ അവിടെയുള്ള ഒരു പത്രക്കാരൻ എന്നോട് ചോദിച്ചു കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന്.

എനിക്ക് മറയിട്ടൊന്നും സംസാരിക്കാൻ അറിയില്ല. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ രണ്ടു മൂന്ന് ആളുകൾ എന്നെ വിളിച്ചിട്ട് പാക്കേജിനെക്കുറിച്ച് പറഞ്ഞു അതെന്താണ് എന്ന് ചോദിച്ചപ്പോൾ ബെഡ് വിത്ത് ആക്ടിങ്ങ് ആണെന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ അത് മാത്രം പഠിച്ചാൽ പോരേ സ്കൂൾ ഓഫ് ഡ്രാമയിൽ പോയി ആക്ടിങ് സീരിയസ് ആയി എടുക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. പൊതുവെ എന്റെ സ്വഭാവമറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല പിന്നീട് ഇതുപോലെ ഒരു ശല്യം ഉണ്ടായിട്ടില്ല. ഗ്ലാമറായിട്ട്  അഭിനയിച്ചിട്ട് പോലും ഫെയ്സ്ബുക്കിൽ പോലും ഒരു ശല്യവുമില്ല. 

ബോൾഡ് ആയിട്ട് കാര്യങ്ങൾ പറയുന്നത്കൊണ്ട് ഞങ്ങളെപ്പോലുള്ളവരെ പ്രശ്നക്കാരികളും അഹങ്കാരികളുമായിട്ടാണ് കാണുന്നത്. പലരും ഞങ്ങളെ മാറ്റി നിർത്തിയിട്ടുണ്ട്. പക്ഷേ ഇതിൽ വാർത്ത വന്നപ്പോൾ സിനിമയെക്കുറിച്ച് ഒരുവാർത്തപോലും വന്നില്ല. അത് കുറച്ച് വിഷമിപ്പിച്ചു. 

ആ സിനിമയോടുള്ള ബന്ധം , ആ സിനിമ എന്നെപ്പോലെയുള്ള ആളുകളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്.  കൃത്യമായി അഭിപ്രായം പറയുന്നവർക്ക് ഒരു പ്രോത്സാഹനം കിട്ടുന്ന സിനിമയാണ് ഇത്. അതിനെ പ്രൊമോട്ട് ചെയ്യുന്നതിനുപകരം ബെഡ് വിത് ആക്ടിങ്ങിനെ പ്രൊമോട്ട് ചെയ്തത് വളരെ മോശമായിപ്പോയി.–ഹിമ പറഞ്ഞു.

അതേസമയം ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നും നടി വ്യക്തമാക്കുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കിൽ അവസരം നൽകാമെന്നു പറഞ്ഞു സിനിമാ മേഖലയിൽനിന്നു ചിലർ വിളിച്ചിട്ടുണ്ടെന്നു ഹിമ പറഞ്ഞു. 

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോൾ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ‘ബെഡ് വിത്ത് ആക്ടിങ്’ എന്നായിരുന്നു മറുപടി. ഇത്തരത്തിൽ മൂന്നു പേർ സമീപിച്ചിരുന്നു. അവസരത്തിനായി കിടക്ക പങ്കിടാൻ കഴിയില്ല എന്ന് അവരോടെല്ലാം പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല. 

ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോൾ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആൺ മേൽക്കോയ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്. സ്ത്രീകൾ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തിൽ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു.