Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യത്തെ വെട്ടി മലയാളബോക്സ്ഓഫീസിൽ ബാഹുബലി; ചിത്രം വാരിയതോ

baahubali-drishyam

മലയാള നാട്ടിൽ ഇനി ബാഹുബലിക്കു മുന്നിൽ പുലി മുരുകൻ മാത്രം. ഇന്ത്യൻ സിനിമയിലെ അദ്ഭുതമായെത്തി ഇപ്പോഴും തിയറ്ററുകളിൽ തുടരുന്ന ബാഹുബലി-2 കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ പണം നേടിയ അന്യഭാഷ ചിത്രം മാത്രമല്ല, പുലി മുരുകനു പിന്നിൽ കേരളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണം വാരി ചിത്രമായി. 

ഗ്ലോബൽ യുണൈറ്റഡ് മീഡിയ മൂന്നു ഭാഷകളിലായി കേരളത്തിൽ വിതരണത്തിനെത്തിച്ച ചിത്രം ഇതുവരെ നേടിയത് 73 കോടി രൂപ. കലക്‌ഷൻ റെക്കോർഡിൽ 70 കോടിയോളം രൂപയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മോഹൻലാൽ ചിത്രമായ ദൃശ്യത്തെയാണ് ബാഹുബലി മറികടന്നത്. പുലി മുരുകൻ നൂറ്റൻപതു കോടി രൂപയോളമാണു കലക്ട് ചെയ്തത്. ഏറെക്കാലത്തിനു ശേഷം കേരളത്തിൽ 100 ദിവസത്തിലേറെ ഓടുന്ന ഇതര ഭാഷ ചിത്രവും ബാഹുബലി തന്നെ. തിരുവനന്തപുരത്തെ രണ്ടു തിയറ്ററുകളിലാണ് ചിത്രം 100 ദിവസം പിന്നിട്ടത്. 

ഇതു മാത്രമല്ല, മലയാളത്തിലെ കലക്‌ഷൻ റെക്കോർഡുകൾ പലതും ബാഹുബലിയുടെ തേരോട്ടത്തിൽ പഴങ്കഥയായി. 320 സ്ക്രീനുകളിൽ റിലീസ് ചെയ്തതു തന്നെ ആദ്യ റെക്കോർഡായി. ബാഹുബലിക്കായി കേരളത്തിൽ ഏഴ് തിയറ്ററുകളാണ് അത്യാധുനികമായ 4കെ പ്രൊജക്‌ഷൻ സംവിധാനം ഒരുക്കിയത്. 

ആദ്യ ദിവസം തന്നെ 5.45 കോടി രൂപ കൊയ്തു റെക്കോർഡ് തിരുത്തിയ രാജമൗലി ചിത്രം അഞ്ചാം ദിവസം 25 കോടിയും 15-ാം ദിവസം 50 കോടിയും നേടി ഈ നേട്ടങ്ങളിലും റെക്കോർഡ് തീർത്തു. ആദ്യ മാസം കൊണ്ടു തന്നെ ഇടമുറിയാത്ത ഹൗസ് ഫുൾ ഷോകളിലൂടെ കൊയ്തത് 65.5 കോടി! പിന്നീടാണ് ബാഹുബലി തരംഗവും കലക്‌ഷൻ വേഗവും ഒന്നടങ്ങിയത്. കേരളത്തിൽ ചിത്രം ഇതുവരെ 36100ന് മുകളിൽ ഷോകൾ പൂർത്തിയാക്കിയതായി വിതരണക്കാർ പറയുന്നു. 

പല തിയറ്ററുകളും ബാഹുബലി-2 വീണ്ടും പ്രദർശനത്തിന് ആവശ്യപ്പെട്ടതായി ഗ്ലോബൽ യുണൈറ്റഡ് മീഡിയ മാനേജിങ് ഡയറക്ടർ പ്രേം മേനോൻ പറഞ്ഞു. നല്ല അഭിപ്രായം നേടുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ഉറപ്പുള്ള മികച്ച വിപണിയാണു കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ അന്യഭാഷ സിനിമകളുടെ കലക്ഷൻ റെക്കോർഡുകളിൽ ബാഹുബലി-2 പിന്നിലാക്കിയത് ഒന്നാം ബാഹുബലിയെ തന്നെയായിരുന്നു. 

ആദ്യം 30 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ബാഹുബലി-1 വൻ തരംഗമായതോടെ ഇരുന്നൂറോളം തിയറ്ററുകളിലേക്കു വ്യാപിച്ചു നേടിയത് 22 കോടി രൂപയായിരുന്നു. പക്ഷേ ഒന്നാം ബാഹുബലി രണ്ടു മാസത്തോളം ഓടി നേടിയ റെക്കോർഡ് രണ്ടാം ബാഹുബലി  അഞ്ചാം ദിനം തന്നെ പഴങ്കഥയാക്കി. രണ്ടു ബാഹുബലികളും കൂടി കേരളത്തിൽ നിന്നു കൊയ്തത് 95 കോടി!

മലയാളത്തിനു പുറമേ ബാഹുബലി-2വിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിനെത്തിയിരുന്നു. പക്ഷേ കേരളം ഏറ്റവും കൂടുതൽ കണ്ടത് മലയാളമല്ല, തമിഴ് പതിപ്പായിരുന്നു. ഇപ്പോഴും പ്രദർശനം തുടരുന്നതും തമിഴ് തന്നെ.

17 കോടിയിലേറെ രൂപ നേടിയ തമിഴ് ചിത്രമായ ഐ, ഇംഗ്ലിഷ് ചിത്രമായ ജംഗിൾ ബുക് എന്നിവയായിരുന്നു കേരളത്തിലെ കലക്‌ഷനിൽ ബാഹുബലിക്കു പിന്നിലുള്ള ഇതര ഭാഷാ ചിത്രങ്ങൾ. ഈ റെക്കോർഡ് ചിത്രങ്ങളുടെയെല്ലാം കേരളത്തിലെ വിതരണാവകാശം ഗ്ലോബൽ യുണൈറ്റഡ് മീഡിയക്കു തന്നെയായിരുന്നു.