Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അവിടെ നടന്നത്; രഞ്ജിനി ഹരിദാസ് പറയുന്നു

ranini-sunny

ഒരു മൊബൈൽ കടയുടെ ഉദ്ഘാടനത്തിന് നടി സണ്ണി ലിയോൺ കൊച്ചിയിലെത്തിയതും അവിടെ യുവാക്കൾ തടിച്ചുകൂടിയതുമെല്ലാം രണ്ടു ദിവസമായി മലയാളികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. യുവാക്കളുടെ ഇൗ ഒഴുക്ക് അവരുടെ സ്വഭാവ വൈകല്യത്തെയാണ് കാണിക്കുന്നതെന്ന് പല സാഹിത്യകാരന്മാരും മനശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് പ്രസ്തുത പരിപാടിയുടെ അവതരാക രഞ്ജിനി ഹരിദാസ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിക്കുന്നു 

‘നമ്മുടെ നാട്ടിൽ ഇപ്പോൾ എന്തു നടന്നാലും ചർച്ചയാണ്. അങ്ങനെ ഒരു വിഷയമായി സണ്ണി ലിയോണിന്റെ വരവിനേയും കണ്ടാൽ മതി. അവിടെ വന്നവരൊക്കെ ലൈംഗിക വൈകൃതമായിട്ടുള്ളവരല്ല. അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാൻ ഇൗ യുവാക്കൾ എത്തിയല്ലോ? അതിന് കയ്യടി കൊടുക്കണം. ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ്. അവർ കണ്ടത്. വന്നതിൽ ഭൂരിഭാഗവും ആണുങ്ങളായിരുന്നു. കുറച്ച് പെൺകുട്ടികളുമുണ്ടായിരുന്നു. ഇതിനെ ഒരു പുതിയ ചലനമായി കണക്കാക്കണം.

കേരളത്തിൽ സെക്സിനെക്കുറിച്ച് പറയാൻ പാടില്ല. ഇതൊരു മുറിക്കുള്ളിൽ ഒതുങ്ങേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. മുറിക്കുള്ളിലിരുന്ന് സണ്ണിയുടെ പോൺ വീഡിയോ കണ്ട് പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുന്നതാണ് ഏറ്റവും മോശം. അവർക്കാണ് ശരിക്കും സ്വഭാവ വൈകല്യമുള്ളത്. സണ്ണി വന്നദിവസം കേരളത്തിലുള്ളവർ അന്നത്തേക്ക് തങ്ങളുടെ പ്രശ്നങ്ങളെല്ലാം മറന്നുവല്ലോ, മറ്റെല്ലാം മറന്ന് അവരുടെ വരവ് ചർച്ചയായില്ലേ.? മാത്രമല്ല കേരളത്തിൽ ഇത്രയും പേർക്ക് സണ്ണിയെ അറിയാമല്ലോ എന്നും എനിക്ക് അതിശയം തോന്നി.

സണ്ണിയെ കാണാൻവന്നവർ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല. സണ്ണിയും അതുകൊണ്ടാണ് കൊച്ചിക്ക് നന്ദി പറഞ്ഞത്. ഞാൻ ഇതുവരെ അവതരിപ്പിച്ച പരിപാടികളിലെ ജനത്തിരക്ക് വിലയിരുത്തുകയാണെങ്കിൽ മൂന്നാം സ്ഥാനമാണ് ഇതിന് നൽകുക. ഒന്നാം സ്ഥാനം മറഡോണ വന്നപ്പോൾ കേരളം നൽകിയ സ്വീകരണമാണ്. രണ്ടാം സ്ഥാനം ഷാറൂഖാന് നൽകിയ വരവേൽപ്. മൂന്നാംസ്ഥാനം സണ്ണിയെ കാണാൻ വന്ന ജനത്തിരക്കിന് നൽകണം. 

സണ്ണി എത്തിയത് ഒരു പൊതുസ്ഥലത്തായിരുന്നു. എറണാകുളം എംജിറോഡിൽ. ഇതിനുമുമ്പ് ഒരിക്കലേ അവർ കേരളത്തിൽ വന്നിട്ടുള്ളൂ, അത് വനിതയുടെ സ്റ്റേജ് ഷോയിലാണ്. അതൊരു സ്വകാര്യ ചടങ്ങായയിരുന്നു. എന്നാൽ ഇതൊരു പൊതുസ്ഥലമാണ്. അവിടെ ജനങ്ങൾ കൂടും .അത് സ്വാഭാവികം. ഏതൊരു താരം വരുമ്പോഴും ഉള്ളതുപോലത്തെ തിരക്കായി മാത്രം ഇതിനെ കണ്ടാൽ മതി. 

സണ്ണി ലിയോൺ എന്ന വ്യക്തിയെ വിലയിരുത്താൻ നമ്മൾ പഠിക്കണം. അവർ ഒരു പോൺസ്റ്റാറായിരുന്നു. അമേരിക്കൻ പൗരത്വവും കനേഡിയൻ പൗരത്വവുമുള്ള സ്ത്രീയാണ്. ഇപ്പോൾ ബോളിവുഡ് സിനിമകളിലെ നായികയാണ്. പോൺ സിനിമകളിൽ ‍അഭിനയിക്കുക എന്നത് അവർ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയാണ്, അതിനെ വിമർശിക്കാൻ നമുക്ക് അവകാശമില്ല. അവരുടെ സ്വാഭവം വളരെ നല്ലതായിരിക്കും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അടുത്തിടെ ഒരു കുഞ്ഞിനെ അവർ ദത്തെടുത്തു. അത്തരം വിഷയമൊന്നും ആർക്കും ചർച്ച ചെയ്യേണ്ട.

സണ്ണിയെ ഒരു പാട് പേർ പിന്തുണച്ചു. അവരെ കാണാൻ ചെന്നവരേയും പിന്തുണച്ചു , എന്നാൽ നമ്മുടെ നാട്ടിലെ ഒരു പോൺസ്റ്റാറാണ് അവിടെ എത്തിയതെങ്കിൽ ഇങ്ങനെ ഒരു സ്വീകരണം ലഭിക്കുമോ എന്നതാണ് ഏറ്റവും തമാശയായി തോന്നിയത്. നമ്മുടെ നാട്ടിലെ പോൺ നടിമാർ അവരുടെ സാഹചര്യങ്ങൾ കൊണ്ട് ഇത്തരം സിനിമകളിൽ തളയ്ക്കപ്പെട്ടവരാണ്. 

നമ്മുടെ നാട്ടിൽ ഒരു സ്ത്രീയെ മോശമായി കാണിക്കണമെങ്കിൽ അവളെ സെക്സുമായി ബന്ധിപ്പിച്ച് സംസാരിക്കകയാണ് സമൂഹം ആദ്യം ചെയ്യുന്നത്. അവൾ ഇത്തരക്കാരിയാണ് അവളുടെ സ്വഭാവം അറിയാം എന്ന് പറഞ്ഞു പരത്തും. നിങ്ങൾക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ അത് തുറന്നു പറയുക. അല്ലാതെ അവളുടെ സ്വഭാവം മോശമാണെന്ന രീതിയിൽ സംസാരിക്കരുത്. 

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ നല്ല ഭാഷ ഉപയോഗിക്കുക. നിങ്ങളെ കണ്ട് ചെറിയ കുട്ടികൾ വളർന്നു വരുന്നുണ്ട്. നിങ്ങൾ ഇത്തരം ഭാഷ ഉപയോഗിച്ചാൽ അവരും നാളെ ഇത് തന്നെ പിന്തുടരും, രഞ്ജിനി ഹരിദാസ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.