പാർക്കൗർ; ആദിയിൽ പ്രണവ് പറക്കും !

അടുത്തവർഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പ്രണവ് മോഹൻലാൽ നായകനായുള്ള അരങ്ങേറ്റം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. 

സിനിമയ്ക്കായി പാര്‍ക്കൗർ പരിശീലനം അഭ്യസിക്കുകയാണ് പ്രണവ് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. എന്നാൽ ജിംനാസ്റ്റിക്കും സ്കൈഡ്രൈവിങും റോക്ക് ക്ലൈബിങും നടത്തിയിട്ടുള്ള പ്രണവിന് ആദ്യഘട്ടപരിശീലനം എളുപ്പമായിരിക്കുമെന്ന് മോഹൻലാൽ തന്നെ നേരത്തെ പറഞ്ഞിരുന്നു.

കൊച്ചിയില്‍ തുടങ്ങി ബംഗലൂരുവിലൂടെ വികസിക്കുന്ന കഥയാണ് ആദിയുടേത്. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദി ബംഗലൂരുവില്‍ എത്തുന്നതും അവിടെവെച്ചുണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. 

ആദിയുടെ അച്ഛനായി സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലൻ വേഷം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. അനുശ്രീ, അദിതി എന്നിവരാണ് മറ്റു സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബംഗലൂ‌രു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ. ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു.

പാർക്കൗർ അഭ്യാസ വിഡിയോകൾ അന്യനാടുകളിൽ തരംഗമാണ്. ഹോളിവുഡ് സിനിമകളിലും ഇത് ഉപയോഗിക്കാറുണ്ട്. മുന്നിലുള്ള മതിലുകളും ചെറിയ തടസ്സങ്ങളും വിദഗ്ദമായി ചാടി മറികടക്കാനും മറ്റും ശരീരം വഴങ്ങുന്നതിനാണ് പാര്‍ക്കൗര്‍ പരിശീലിക്കുന്നത്. ഡിസ്ട്രിക്ട് തേര്‍ട്ടീൻ എന്ന സിനിമയിൽ ഈ അഭ്യാസം കൃത്യമായി ആവിഷ്കരിക്കുന്നുണ്ട്.

പ്രണവ് ജിംനാസ്റ്റിക് ചെയ്യാറുണ്ടെന്നുംഅതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്ക് പെട്ടന്ന് ഇണങ്ങുന്നതായിരിക്കും പാർക്കൗർ എന്നും മോഹൻലാൽ പറഞ്ഞു. തന്നിലുള്ള ഇത്തരം കഴിവുകൾ കൃത്യമായി പ്രകടിപ്പിക്കാൻ സാധിക്കുന്ന സിനിമയായതുകൊണ്ടാകാം ഈ ചിത്രം പ്രണവ് തിരഞ്ഞെടുക്കാൻ കാരണമായതെന്നും മോഹൻലാൽ മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

രണ്ടു ചിത്രങ്ങളിൽ ജീത്തുവിന്റെ സഹായിയായ പ്രവർത്തിച്ചതിനാൽ ജീത്തുവിനോട് ഒരു പ്രത്യേക അടുപ്പം പ്രണവിനുണ്ടാകുമെന്നും മോഹന്‍ലാൽ പറഞ്ഞു. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മകനെന്നുള്ള വിശേഷണം അദ്ദേഹത്തെ ബാധിക്കില്ലെന്നും അക്കാര്യം ഞാൻ പ്രണവിനോട് ചോദിക്കാറില്ലെന്നും മോഹൻലാൽ പറയുന്നു.

‘അത് അദ്ദേഹം ചെയ്ത് കാണിക്കേണ്ട ഒന്നാണ്. പ്രണവ് ഇപ്പോഴുള്ള പ്രായത്തില്‍ രാജാവിന്റെ മകൻ എന്ന സിനിമയിൽ ഞാൻ അഭിനയിച്ച് കഴിഞ്ഞിരുന്നു. അദ്ദേഹം യാത്ര തുടങ്ങി. വിജയിച്ചാൽ നല്ലത്, അല്ലെങ്കിൽ മറ്റെന്തിലേക്കെങ്കിലും അയാൾ തിരിയും– മോഹൻലാൽ പറഞ്ഞു.

പുനർജനി എന്ന ചിത്രത്തിൽ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്. പ്രണവിന് ഇപ്പോള്‍ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെയും നായക അരങ്ങേറ്റം.