പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ആക്ഷൻ എന്റർടെയ്നറാണ് ആദി. സിനിമയിൽ ഡ്യൂപ്പുകളുടെ പോലും സഹായമില്ലാതെയാണ് പ്രണവ് സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു.
തമിഴ്, ഹിന്ദി ഭാഷകളിൽ നമ്മൾ കണ്ടുപരിചയിച്ച തരത്തിലൊരു ആക്ഷൻ സിനിമയല്ല ആദിയെന്ന് ജീത്തു പറയുന്നു. ‘അങ്ങനെയൊരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെങ്കില്‍ അവർ നിരാശരാകും. കുറച്ച് ആക്ഷൻ രംഗങ്ങളുള്ള റിയലസ്റ്റിക് സിനിമയാണ് ആദി.’–ജീത്തു പറഞ്ഞു.
‘സിനിമയിലെ ആക്‌ഷന്‍ രംഗങ്ങൾ വലിയ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാർക്കൗർ ആക്ഷനും ഇതിൽ കാണാം. ഇതിനായി ഫ്രാൻസിൽ നിന്നും പാർക്കൗർ വിദഗ്ധനായ ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നു. എന്നാൽ പ്രണവ് ഇത് സ്വയം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.’–ജീത്തു പറഞ്ഞു.
‘പാർക്കൗർ ചെയ്യുമ്പോൾ അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഞങ്ങളെല്ലാം അൽപം ടെൻഷനിൽ ആയിരുന്നു. എന്നാൽ പ്രണവ് അതെല്ലാം മികച്ചതാക്കി. സെറ്റിലുള്ളവരെല്ലാം പ്രണവിന്റെ ധൈര്യവും ദൃഢനിശ്ചയവും കണ്ട് അഭിനന്ദിക്കുകയും ചെയ്തു.’–ജീത്തു പറഞ്ഞു.