ആക്രമിക്കപ്പെട്ട നടിയെ കുറിച്ചു നടത്തിയ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേർന്നുള്ള ഗൂഢാലോചനയായിരുന്നു അത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യത്തിന് അർഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നൽകുന്നില്ല എന്ന് കോടതി പറയണം. കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരാണ്. അവർ നടൻ നാദിർഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. പൾസര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് നാദിർഷ നേരിട്ടു വന്നു പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചു എന്ന പേരിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി.ജോർജ് പറഞ്ഞു.