കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനു ജാമ്യമില്ല. ജയിലിൽ രണ്ടു മാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി പുറത്തുവിടണം എന്നതായിരുന്നു ദിലീപിന്റെ ജാമ്യ ഹർജിയിലെ പ്രധാനമായും ഉണ്ടായിരുന്ന കാര്യം. നടിയെ ഉപദ്രവിക്കാനല്ല, ദൃശ്യങ്ങളെടുക്കാൻ മാത്രമാണു ദിലീപ് ക്വട്ടേഷൻ നൽകിയത് എന്നാണ് പൊലീസ് കേസെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ശനിയാഴ്ച ദിലീപിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണു വാദം പൂർത്തിയാക്കിയത്. നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിലെത്തിയത്.
അടച്ചിട്ട കോടതി മുറിയിൽ രഹസ്യ വാദമാണ് ജാമ്യാപേക്ഷയിൻ മേൽ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശനാണ് ഹാജരായത്. അറുപത് ദിവസം റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന നടന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായാണു പ്രതിരോധിച്ചത്. കേസ് ഡയറിയടക്കം ചില രേഖകളും കോടതിയിൽ ഹാജരാക്കി. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.
അറസ്റ്റിലായി റിമാൻഡിൽ പോയതിനു പിന്നാലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരുന്നു ദിലീപ് ആദ്യം ജാമ്യത്തിനു ശ്രമിച്ചത്. അതു തള്ളിയതോടെ രണ്ടു പ്രാവശ്യം ഹൈക്കോടതിയിലെത്തി. ഡൽഹിയിൽ നടന്ന നിർഭയ കൂട്ട ബലാത്സംഗ കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കടുത്ത പരാമർശങ്ങളോടെ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയിലെത്തിയത്.