പറവ; ഒരു പാവം സിനിമ

പ്രാവുകളോട് ഇത്ര പെരുത്തിഷ്ടം തോന്നിയത് പറവ കണ്ടപ്പോഴാണ്. ഒരു പാവം സിനിമ. വാൻഗോഗിന്റെ ചിത്രങ്ങളിലെന്നപോലെ കടുംചായക്കൂട്ടുകൾ ചുവരുകളിൽ ചാലിച്ച മട്ടാഞ്ചേരിയിലെ നിരത്തുകളിലൂടെ പലവട്ടം യാത്ര ചെയ്തിട്ടുണ്ടെങ്കിലും അന്നാട്ടുകാരുടെ പ്രാവുപ്രിയത്തെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. 

ഓരോ തവണ പോകുമ്പോഴും,  കിണികിണിയടിച്ചു വരുന്ന റിക്ഷക്കാരന്റെ പക്കൽനിന്നും ഒന്നോ രണ്ടോ കുമ്പിൾ വറുത്ത കപ്പലണ്ടി വാങ്ങും. സായിപ്പന്മാരുടെ കൂടത്തൊപ്പി ഓർമിപ്പിക്കുന്ന വിധം വിചിത്രരൂപികളായ പഴയ ബംഗ്ലാവുകളുടെ കോലായികളിൽ നിന്ന് അരിപ്രാവുകൾ പറന്നെത്തും. വഴിയിലേക്കെറിയുന്ന കപ്പലണ്ടി കൊറിച്ച് അരുമയോടെ ഒരു നോട്ടം നോക്കി അവറ്റകൾ മടങ്ങിപ്പോകും. 

അങ്ങനെ പലവട്ടം ആ വഴി കടന്നുപോയിട്ടും എനിക്ക് കണ്ടുമുട്ടാനാകാതെ പോയല്ലോ എന്ന നിരാശയോടെയാണ് തിരക്കാഴ്ചയിൽ ഇച്ചാപ്പിയെ പരിചയപ്പെടുന്നത്. കുസൃതിയുടെ വെള്ളാരംകണ്ണുകൾ കൊണ്ട് ഏതുനേരവും ആകാശത്തേക്ക് അതിലുമുയരത്തിലേക്ക് നോക്കുന്ന അവനെ ആർക്കും ഇഷ്ടപ്പെടും. അവനെ അടുത്തു ചേർത്തുപിടിച്ചിരുത്തിക്കൊണ്ട് വേണം പറവ കാണാൻ. 

അത് അവന്റെ കഥയല്ല, അവനെപ്പോലെയുള്ള മറ്റുകുറെപ്പേരുടെ കഥയാണ്. മട്ടാഞ്ചേരിയുടെ മനസ്സാണ്. നല്ലവരും തൽക്കാലം നല്ലവരല്ലാത്തവരുമായ കുറെ ചെറുപ്പക്കാരുടെ വിശേഷങ്ങളാണ്. അതിൽ അവരുടെ ചെറിയചെറിയ വാശികളും തല്ലുപിടിത്തവും പകരംവീട്ടലും  സ്നേഹംകൂടലുമുണ്ട്.... പറഞ്ഞും പറയാതെയും  അറിഞ്ഞും അറിയാതെയും പോയ പ്രണയമുണ്ട്. ചെറിയ ലോകത്തു നടക്കുന്ന വലിയ ഇമ്മിണി വലിയ വലിയ കാര്യങ്ങളുണ്ട്. 

ഇച്ചാപ്പിയിലേക്കു വരാം. അവനെയും അവന്റെ ചങ്ങായി ഹസീബിനെയും കണ്ടപ്പോൾ അസൂയ തോന്നി, അതുപോലൊരു ചങ്ങാത്തം ഇല്ലാതെപോയല്ലോ എന്ന്. ഇച്ചാപ്പി കരഞ്ഞപ്പോഴൊക്കെ കണ്ണു നനച്ചും ഫസ്റ്റ് അടിച്ചപ്പോഴൊക്കെ കൈ കൊട്ടിയും ഇഷ്ടം പറഞ്ഞു ഉമ്മ വച്ചപ്പോൾ ഇത്തിരി നാണത്തോടെ മുഖം ചുവപ്പിച്ചും ഒടുവിൽ ഓളെ വേറൊരുത്തൻ കെട്ടിക്കൊണ്ടു പോയപ്പോ ബാബി എന്ന്‌ വിളിച്ചു നെടുവീർപ്പിട്ടും ഇച്ചാപ്പിയോട് ഐക്യപ്പെട്ടു. വിലക്കപ്പെട്ട സിനിമ കാഴ്ച മുതൽ അല്ലറ ചില്ലറ കള്ളത്തരങ്ങൾ വരെ ചെയ്യുന്ന വല്ലാത്ത പഹയന്മാർ തന്നെ ഇച്ചാപ്പിയും ഓന്റെ ചങ്ങായിയും.. ഇത്രയൊക്കെ കേട്ടു ഇതൊരു കുട്ടിപ്പടമാണെന്നു കരുതണ്ട. 

മീശ വച്ച ചെറുപ്പക്കാരും തല നരച്ച വയസ്സന്മാരും മയ്യത്തായ ചില ആത്മാക്കളും വേറെയുണ്ട്. പിന്നെ മിണ്ടാപ്രാണികളായ പ്രാവും മീൻ കുഞ്ഞുങ്ങളും പട്ടിക്കുട്ടിയും...എങ്കിലും ഏറ്റവും ഇഷ്ടം തോന്നിയത് പ്രാവുകളുടെ പ്രണയം പറച്ചിലിനോടാണ്. ഇണയെ കാത്തു കാത്തിരിക്കുന്ന ഒരു പ്രാവിന്റെ കഥ കൂടിയാണിത്. ഒടുവിൽ ഒരുമിച്ച് ചിറകുകൾ കോർത്ത് അവർ പറക്കുന്ന ആകാശത്തിലേക്കു നമ്മെയും കൊണ്ടുപോകുന്നു കഥയുടെ രസച്ചരടുകൾ...

പതിവു താരചിത്രങ്ങളിൽ കണ്ടുപരിചയിച്ച വില്ലന്മാരുടെ മട്ടാഞ്ചേരിയല്ല ഇവിടെ.. കള്ളും കഞ്ചാവും കൊട്ടേഷനും കത്തിക്കുത്തുമൊക്കെ ഉണ്ടെങ്കിലും പച്ചമനുഷ്യരുടെ വികാരപ്രകടനങ്ങളായേ തോന്നൂ.സ്ലോ മോഷൻ ഇടിയോ കോട്ടോ കൂളിംഗ് ഗ്ലാസ്സോ പഞ്ച് ഡയലോഗൊ നായികയുമൊത്തുള്ള പാട്ടു റൊമാൻസോ ഇല്ല. എന്നു കരുതി ക്‌ളീഷേകൾ ഇല്ലെന്നല്ല. നിരൂപിച്ചു മഹത്വപ്പെടുത്താൻ മാത്രം ഉദാത്തമായ പടവുമല്ല. എങ്കിലും സൗബിനും ഓന്റെ കൂട്ടുകാരും തിരശീലയിൽ കൊണ്ടുവന്ന ഈ സത്യസന്ധതയ്ക്ക് കയ്യടിക്കാതെ വയ്യ.