ജാമ്യം നേടിയ ദിലീപ് ആലുവ കൊട്ടാരക്കടവ് റോഡിലെ വീട്ടിലെത്തിയില്ല. പകരം പറവൂർ കവല വിഐപി ലെയ്നിലുള്ള തറവാട്ടു വീട്ടിലേക്കാണു പോയത്. ജാമ്യം ലഭിച്ച വാർത്ത വരുമ്പോൾ ദിലീപിന്റെ പത്നി കാവ്യാ മാധവനും മകൾ മീനാക്ഷിയും കുടുംബാംഗങ്ങളും പറവൂർ കവലയിലെ വീട്ടിലായിരുന്നു.
പൊലീസ് അകമ്പടിയിൽ ദീലിപ് എത്തുമ്പോൾ നടൻ സിദ്ദീഖും അവിടെയുണ്ടായിരുന്നു. അമ്മ സരോജം ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണു വീട്ടിലേക്കു സ്വീകരിച്ചത്. തൊട്ടുപിറകെ നടനും സംവിധായകനുമായ നാദിർഷാ വീട്ടിലെത്തി. ആലുവ ജയിൽ സുപ്രണ്ട് ജാമ്യവിവരം അറിയിച്ചപ്പോൾ അവിശ്വസനീയതയോടെ ‘കിട്ടിയോ ? എന്നു ചോദിച്ച ദിലീപ് പിന്നീട് ജയിൽവാസമൊഴിയുന്നതിന്റെ ആശ്വാസവും പ്രകടിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടി.വി. ചാനലുകളില്‍ നിന്ന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ വിവരമറിയിച്ചത്. അല്‍പ്പനേരം നിശ്ശബ്ദനായി നിന്ന ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. കോടതി ഉത്തരവ് ലഭിച്ചാല്‍ ഇന്നുതന്നെ പുറത്തിറങ്ങാമെന്ന് അറിയിച്ചതോടെ ദിലീപ് ചിരിച്ചു. ദിലീപ് ജയില്‍ അധികൃതരോട് ജാമ്യ ഉപാധികള്‍ ചോദിച്ച് മനസിലാക്കി. സെല്ലിലെ മറ്റ് തടവുകാരുമായും ഏറെ സന്തോഷത്തിലാണ് ദിലീപ് സംസാരിച്ചത്..
ദിലീപിന് ആരാധകരുടെ പുഷ്പവൃഷ്ടി
ആലുവ ∙ ആലുവ സബ് ജയിലിനു മുന്നിൽ ആരാധക സ്നേഹം അണപൊട്ടി. പൊലീസ് ചെറുതായി ലാത്തിവീശി. നടൻ ദിലീപിന് 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു വൈകിട്ട് 5.10 നാണ് സഹോദരൻ അനൂപും ദിലീപിന്റെ അഭിഭാഷകരും അങ്കമാലി കോടതിയിൽ നിന്നു ജാമ്യ ഉത്തരവിന്റെ പകർപ്പുമായി ജയിലിൽ എത്തിയത്.
പത്തു മിനിറ്റിനുള്ളിൽ നടപടി ക്രമം പൂർത്തിയാക്കി ദിലീപിനൊപ്പം സംഘം പുറത്തിറങ്ങി. ആർപ്പുവിളികളും പടക്കംപൊട്ടിക്കലും പുഷ്പവൃഷ്ടിയും പാലഭിഷേകവും ഉന്തുംതള്ളും ബഹളവുമെല്ലാമായി ദിലീപ് ചിത്രത്തിന്റെ രംഗം പോലെയായി ജയിൽ പരിസരം. ‘ദിലീപേട്ടാ’ എന്ന ആർപ്പുവിളികൾക്കിടയിൽ ദിലീപ് ജയിലിന്റെ പ്രവേശന കവാടത്തിനു പുറത്തേക്ക്. ആരാധകരെയും നാട്ടുകാരെയും കൈവീശി അഭിവാദ്യം ചെയ്ത നടൻ ഉൻമേഷവനായിരുന്നു. സഹോദരനും അഭിഭാഷകരും എത്തിയ കാറിന്റെ മുൻസീറ്റിൽ ദിലീപ് ഇരുന്നു. തിരക്കു മൂലം ഏറെ പണിപ്പെട്ടാണു നടനെയും വഹിച്ചുള്ള കാർ പ്രധാന റോഡിലെത്തിയത്. ജാമ്യം ലഭിച്ച വാർത്ത വന്ന സമയം മുതൽ സബ് ജയിലിനു മുന്നിലേക്ക് ആരാധക പ്രവാഹമായിരുന്നു. ഉച്ചയ്ക്കു രണ്ടോടെ ജയിൽ പരിസരത്തു നൂറുകണക്കിനാളുകൾ തടിച്ചു കൂടി.
ദിലീപിനെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കിയ ആരാധകർ ഫ്ലെക്സ് ബോർഡിൽ പാലഭിഷേകം നടത്തി. കോടതിക്കു നന്ദി പറഞ്ഞു ജയിൽ പരിസരത്തു ബാനർ ഉയർന്നു. സംവിധായകൻ മാർത്താണ്ഡൻ, കലാഭവൻ അൻസാർ, നാദിർഷയുടെ സഹോദരൻ സമദ്, ധർമജൻ ബോൾഗാട്ടി എന്നിവരും ജയിലിനു മുന്നിലെത്തിയിരുന്നു. പടക്കവുമായിട്ടാണു ധർമജൻ വന്നത്. വളരെ സന്തോഷമുണ്ടെന്നും ദിലീപ് നിരപരാധിയാണെന്ന് അന്നും ഇന്നും ഉറച്ചു വിശ്വസിക്കുന്നുവെന്നും സമദ് പറഞ്ഞു. ‘രാമലീല’ യുടെ വിജയവും ദിലീപിന്റെ ജാമ്യവും ഏറെ സന്തോഷം പകരുന്നുവെന്നു ചിലർ പ്രതികരിച്ചു. വൈകിട്ടു നാലോടെ കൂടുതൽ പൊലീസ് സംഘം ജയിലിനു മുന്നിലെത്തി. പലപ്പോഴും ആരാധകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.