നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശക്തമായി പോരാടിയ നടിമാരിൽ ഒരാളാണ് രമ്യ നമ്പീശൻ.കൊച്ചിയിലെ രമ്യ നമ്പീശന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് നടിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പിന്നീട് നടിയ്ക്ക് വേണ്ടി നീതി തേടിയുള്ള പോരാട്ടത്തില്‍ രമ്യ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
നടിയെ ആക്രമിച്ച സംഭവം അപൂർവങ്ങളിൽ അപൂർവവും ക്രൂരവുമായ നടപടിയാണെന്ന് രമ്യ പറയുന്നു. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്നും രമ്യാ നമ്പീശൻ പറഞ്ഞു.
സിനിമയിലെ സ്ത്രീകളുടെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധം ഇല്ലെന്നും നടി വ്യക്തമാക്കി. സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് രമ്യ. ‘എതിര്‍ പ്രചാരണം നടത്തുന്നവര്‍ ആരാണെങ്കിലും സത്യം എന്താണെന്ന കാര്യം മറക്കരുത്. നടിക്കെതിരെ വീണ്ടും പ്രചാരണം നടത്തുന്നത് ഭയം സൃഷ്ടിക്കുന്നു.’–രമ്യ പറഞ്ഞു.
ഡബ്ല്യുസിസി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്പെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ പറഞ്ഞു.