വിമർശകരെ കളിയാക്കി അമല പോൾ ബോട്ടിൽ കേറി

സ്വന്തം പേരിലുള്ള ആഡംബര കാർ പോണ്ടിച്ചേരിയിൽ‌ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ പരിഹസിച്ച് നടി അമല പോൾ രംഗത്ത്. നിയമലംഘനത്തെ ഒളിഞ്ഞും തെളിഞ്ഞും പരിഹസിച്ച് സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.

‘‘ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിൽ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചർച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ ? ’’ ഇങ്ങനെയാണ് താരത്തിന്റെ കുറിപ്പ്.

അമല പോൾ തന്റെ ബെൻസ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം. ആരോപണത്തെ ശരി വയ്ക്കുന്ന തെളിവുകൾ ഉദ്യോഗസ്ഥർക്കും ലഭിച്ചെന്നും താരത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചന. അതിനിടെയാണ് അമല ഇതിനെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈയിൽ നിന്നും ഓഗസ്റ്റ് നാലിനാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എസ് ക്ലാസ് ബെൻസ് അമല വാങ്ങുന്നത്. ഓഗസ്റ്റ് ഒമ്പതിനു കാർ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാർ റജിസ്ട്രേഷന്‍ ചെയ്തത്. അതേസമയം ഈ കാര്‍ ഇപ്പോള്‍ ഓടുന്നത് കൊച്ചിയിലുമാണ്.

പോണ്ടിച്ചേരി തിലാസപ്പേട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസമാണ് അമല പോൾ റജിസ്ട്രേഷനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അമലാ പോൾ നൽകിയ വിലാസത്തിൽ താമസിക്കുന്നത് ഒരു എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ഇവർക്ക് അമല പോളിനെയോ കാർ റജിസ്ട്രേഷൻ നടത്തിയതോ അറിയുക പോലുമില്ല. സംഭവത്തിൽ ഇങ്ങനെയൊരു പ്രതികരണവുമായി താരം എത്തിയത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


നികുതി തട്ടിപ്പ് ഇങ്ങനെ

20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങൾക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തിൽ വാഹനവിലയുടെ 20 % നികുതി നൽകണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തിൽ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തിൽ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നൽകിയാൽ മതി റജിസ്ട്രേഷൻ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്. പിന്നീടു കാർ ഓടുന്നതു കേരളത്തിൽ.

റീ റജിസ്ട്രേഷൻ പരിശോധനയില്ല

അന്യസംസ്ഥാന റജിസ്ട്രേഷനുള്ള വാഹനം കേരളത്തിൽ സ്ഥിരമായി ഓടണമെങ്കിൽ ആറു മാസത്തിനകം റജിസ്ട്രേഷൻ കേരളത്തിലേക്കു മാറ്റുകയും വിലയുടെ ആനുപാതിക റോഡ് നികുതി അടയ്ക്കുകയും വേണം. ആദ്യ റജിസ്ട്രേഷനു ശേഷം എത്ര വർഷം കഴിഞ്ഞുവെന്നതു നോക്കി, അത്രയും കാലത്തേക്കുള്ള നികുതി കിഴിച്ച ശേഷമുള്ള തുക അടയ്ക്കണം. റീ റജിസ്ട്രേഷൻ പലരും നടത്താറില്ല. മോട്ടോർ വാഹന വകുപ്പ് വാഹനം തടഞ്ഞാൽ, സ്ഥിരമായി അന്യ സംസ്ഥാനത്ത് ഓടുന്നുവെന്നു വാഹന ഉടമ പറയും. ഇതു തെറ്റാണെന്നു തെളിയിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കാറുമില്ല.