രാജമാണിക്യത്തിലെ വേഷം വേണ്ടെന്നു വെയ്ക്കാൻ ആലോചിച്ചു; റഹ്മാൻ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റർ ചിത്രം രാജമാണിക്യം റിലീസ് ചെയ്തിട്ട് 12 വർഷം തികയുന്നു. തിരുവനന്തപുരം ശൈലിയുള്ള മമ്മൂട്ടിയുടെ സംസാരവും ശരീരഭാഷയുമെല്ലാം തരംഗമായി മാറി. മലയാളത്തിന്റെ പ്രിയനടൻ റഹ്മാന്റെ കരിയർ ബ്രേക്ക് കൂടിയായിരുന്നു രാജമാണിക്യം. സിനിമയിൽ രാജു എന്ന കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിച്ചത്.

രാജമാണിക്യം സിനിമയെക്കുറിച്ച് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്.

‘എന്‍റെ സിനിമാജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും മമ്മൂക്കയായിരുന്നു. ഇടയ്ക്ക് സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു അദ്ദേഹത്തോടു ഞാന്‍ അഭിപ്രായം ചോദിക്കാറുണ്ട്. 'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ എനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്‍റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്നൊരു ടെന്‍ഷന്‍. ഇടയ്ക്ക് ഈ റോള്‍ വേണ്ടെന്നു വച്ചാലോ എന്നുവരെ ആലോചിച്ചു. ഇക്കാര്യം മമ്മൂക്കയോടു അവിടെ വച്ചുതന്നെ പറഞ്ഞു. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതുതന്നെ സംഭവിച്ചു. 'തിരോന്തോരം' സ്‌റ്റൈലിലുള്ള ഡയലോഗ് പ്രസന്‍റേഷനില്‍ പടം ഹിറ്റായി എന്‍റെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.’–റഹ്മാൻ പറഞ്ഞു.