പ്രമുഖര്‍ ‘അവനൊപ്പം’ നിന്ന് തെറ്റിദ്ധാരണ പരത്തുന്നു; ആഷിക്ക് അബു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ മുതിര്‍ന്ന ചില പ്രമുഖര്‍ ‘അവനൊപ്പം’ നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആഷിഖ് അബു. ഈ വിഷയത്തിന് ശേഷം മലയാള സിനിമ രണ്ട് തട്ടിലായെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രവാസി സമൂഹവുമായി സംവദിക്കുമ്പോഴാണ് ആഷിഖ് അബു മലയാള സിനിമയിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞത്.

സ്ത്രീയും, പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി മാറണമെന്ന് സംവാദത്തില്‍ റിമാ കല്ലിങ്കല്‍ പറഞ്ഞു. അതേസമയം, ദേശീയഗാനം വിഷയത്തില്‍ തന്റെ ദേശീയത മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ കമലും പ്രതികരിച്ചു.

നടന്‍ അനൂപ് മേനോന്‍ സംവാദത്തിന്റെ ഭാഗമായി. കമലിന്റെ ആത്മാവിന്‍ പുസ്തകത്താളില്‍ എന്ന പുസ്തകവും, ഭ്രമയാത്രകള്‍ എന്ന അനൂപ് മേനോന്റെ പുസ്തകവും, അതെന്റെ ഹൃദയമായിരുന്നുവെന്ന ആഷിഖ് അബു-റിമ കല്ലിങ്കലിന്റെ പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.