മലയാളസിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണെന്നും ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണമെന്നും സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണന്‍. തന്‍റെ പുതിയ ചിത്രമായ വില്ലന്‍റെ പ്രചാരണാര്‍ഥം നടി മഞ്ജുവാര്യര്‍ക്കൊപ്പം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണിക്കൃഷ്ണന്‍റെ വിമര്‍ശനം. മലയാളത്തിലെ സമീപകാല സിനിമാനിരൂപണം പരിതാപകരമാണെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Interview with B Unnikrishnan and ManjuWarrier - Villante Samayam
‘മലയാളസിനിമാ വ്യവസായത്തെ പിടികൂടിയിരിക്കുന്ന മാറാരോഗമാണ് സിനിമയുടെ കലക്ഷൻ വച്ചുള്ള മത്സരം. കോടികളുടെ കലക്ഷന്‍വച്ച് ഞാനോ നീയോയെന്ന നിലയിലാണ് മലയാളസിനിമയിലെ കാര്യങ്ങളുടെ പോക്ക്. അതിനെ പ്രോത്സാഹിപ്പിക്കാൻ ഞാൻ തയ്യാറല്ല. എന്റെ സിനിമയുടെ ആദ്യദിനകലക്ഷൻ എന്തുമാകട്ടെ, അത് വില്ലന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചതുമാണ്. ഒരടിസ്ഥാനവുമില്ലാതെ അത് അവിടെ ഇടേണ്ട കാര്യമില്ല.
‘എന്നോട് ഒരുപാട് പേർ ആവശ്യപ്പെട്ടു, എന്റെ പേജിൽ അല്ലെങ്കിൽ നിർമാതാവിന്റെ പേജില്‍ കലക്ഷൻ എത്രയെന്ന് പറയണമെന്ന്. ഈ പരിപാടിക്ക് ഞാൻ കൂട്ടുനിൽക്കില്ല എന്നുതന്നെയായിരുന്നു അന്ന് ഞാനെടുത്ത തീരുമാനം.
എന്റെ സിനിമ മറ്റൊരാളുടെ സിനിമയേക്കാൾ ഇത്രകോടി കലക്ട് ചെയ്തുവെന്ന് പറഞ്ഞ് ഒരാൾക്കും സായൂജ്യം കൊടുക്കേണ്ട ഒരു ബാധ്യതയും ഞങ്ങൾക്കില്ല. അങ്ങേയറ്റം ജീർണിച്ച കുറേ ആരാധകർ തമ്മിലുള്ള യുദ്ധാന്തരീക്ഷം മലയാളസിനിമയിലുണ്ട്. ഉത്തവാദിത്തപ്പെട്ട സംഘടനാപ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ല.’ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘ആദ്യദിനം ഏറ്റവുമധികം കലക്ഷൻ കിട്ടിയ സിനിമയുടെ സംവിധായകൻ എന്ന ബഹുമതി ഒരു പൂമാലയായി ഞാൻ കരുതുന്നില്ല. നല്ലസിനിമയുടെ അളവുകോലിതല്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണം. നിർമാതാവ് റോക്ലിൻ വെങ്കിടേഷ് സന്തോഷവാനാണ്. കൂടാതെ വില്ലൻ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഞാൻ തന്നെയാണ്. ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘ഒരു മിനിമം ഗ്യാരണ്ടി തനിക്ക് വേണമെന്ന് നിർമാതാവ് എന്നോട് പറഞ്ഞിരുന്നു. ലാഭം വന്നാലും നഷ്ടം വന്നാലും ഇത്രരൂപ കേരളാവിപണിയിൽ നിന്നു കിട്ടുന്ന ആളെ വേണം വിതരണം ഏൽപ്പിക്കാനെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിനുള്ള പൈസ കൊടുത്ത് ഫിനാൻഷ്യൽ റിസ്ക്ക് ഞാൻ തന്നെ ഏറ്റെടുത്തു. അത് ആ സിനിമയോടുള്ള കോൺഫിഡന്റ് കൊണ്ടായിരുന്നു. ആ നഷ്ടം വരില്ലെന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘വില്ലൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് പലരും പറഞ്ഞു. ടീസറിലൂടെയും പോസ്റ്ററിലൂടെയും ഇത് പുലിമുരുകൻ പോലുള്ള സിനിമയാകും വില്ലനെന്നും പ്രതീക്ഷിച്ചു. ഫാൻസുകാരാണ് അമിത പ്രതീക്ഷവച്ചു പുലർത്തിയത്. വില്ലന്‍റെ സംവിധായകന്‍ മറ്റുപലരുമായിരുന്നെങ്കില്‍ ക്ളാസിക്കെന്ന് പറയുമായിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.