വിസ്മയിപ്പിക്കുന്ന ലൊക്കേഷനുകളും അതിശയിപ്പിക്കുന്ന ഗ്രാഫിക്സുകളുമായി വൻ ബജറ്റ് ചിത്രങ്ങൾ വീണ്ടും കളം നിറയുന്നു. പുലിമുരുകൻ തരംഗം മലയാളസിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വന്‍മുതല്‍ മുടക്കിലും മലയാളചിത്രങ്ങൾ പുറത്തിറക്കി വിജയിപ്പിക്കാം എന്നൊരു ധൈര്യം പുലിമുരുകനിലൂടെ നിർമാതാക്കൾക്കും ലഭിച്ചു. മലയാളസിനിമാ മേഖല ഇപ്പോൾ ചരിത്ര സിനിമകളുടെ പിന്നാലെയാണ്. ഒട്ടനവധി ബിഗ് ബജറ്റ് ചരിത്ര സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
മുൻപു തമിഴിലോ ഹിന്ദിയിലോ വല്ലപ്പോഴും ഒരു ബിഗ് ബജറ്റ് സിനിമയാണ് അവതരിച്ചിരുന്നതെങ്കിൽ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു. പണമെറിഞ്ഞു പണം വാരുന്ന ബ്രഹ്മാണ്ഡ സൃഷ്ടികൾ ഭാഷാഭേദങ്ങളില്ലാതെ വരവേൽക്കപ്പെടുന്നു. മലയാളത്തിൽ അനൗൺസ് ചെയ്ത ചില ബ്രഹ്മാണ്ഡ ചരിത്ര ചിത്രങ്ങൾ ഇവയൊക്കെയാണ്.
മമ്മൂട്ടിയുടെ കർണൻ
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കർണനായി എത്തുന്ന വാർത്ത പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെയാണ് ഏറ്റെടുത്തത്. സംവിധായകനും നടനുമായ പി. ശ്രീകുമാർ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധുപാൽ ആണ്. ചിത്രത്തെക്കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ പറഞ്ഞതിങ്ങനെയാണ്
18 വര്‍ഷം മുമ്പ് ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ്. ആദ്യ തിരക്കഥ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. പല തവണ തിരുത്തലുകളും മിനുക്കുപണികളും നടത്തി. അഞ്ച് തവണ തിരക്കഥ മാറ്റിയെഴുതി ഇപ്പോൾ കൃത്യം രണ്ടേ മുക്കാൽ മണിക്കൂർ മാത്രം.
കർണനെ യോദ്ധാവ് എന്ന നിലയിലല്ല, ആത്മസംഘർഷങ്ങൾക്കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയാണ് സിനിമയിലൂടെ വർണിക്കാൻ ശ്രമിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ മാസ്മരിക പ്രകടനമാകും സിനിമയുടെ വലിയൊരു പ്രത്യേകത.
പൃഥ്വിയുടെ കർണൻ
കഴിഞ്ഞ വർഷമാണ് സംവിധായകൻ ആർ. എസ് വിമൽ പൃഥ്വിരാജിനെ നായകനാക്കി കർണൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത്. ദുബായ് വ്യവസായി വേണു കുന്നപ്പള്ളിയായിരുന്നു ചിത്രത്തിന്റെ നിർമാതാവെങ്കിലും അദ്ദേഹം പിന്നീട് പിന്മാറി. ബാഹുബലിയുടെ ക്യാമറമാനായ സെന്തിൽ ആണ് കർണന്റെ ഛായാഗ്രഹണം. ഇന്ത്യയിൽ തന്നെയായിരിക്കും മുഴുവൻ ഷൂട്ടിങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. തമിഴ് തിരക്കഥ ജയമോഹനാണു തയാറാക്കുന്നത്.
രണ്ടാമൂഴം
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം. 1500 കോടി മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം പ്രവാസി വ്യവസായിയായ ബി.ആര്‍ ഷെട്ടി. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലാണ് സിനിമയായി മാറുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഭീമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ നൂറോളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്കൊപ്പം ഹോളിവുഡിലെ വമ്പന്മാരും മോഹന്‍ലാലിനൊപ്പം അണിനിരക്കും.
മാമാങ്കം
വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ഈ സിനിമയിൽ മമ്മൂട്ടിയാണ് നായകൻ. നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം. സജീവ് തന്നെയാണ് തിരക്കഥ. നിർമാണം വേണു കുന്നപ്പിള്ളി. പ്രമേയം കൊണ്ടും മുതൽമുടക്കു കൊണ്ടും മലയാളത്തിലെ ‘ചലച്ചിത്രമാമാങ്ക’മായി മാറുമെന്ന് അവകാശപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടി ചാവേറായി എത്തുന്നു. കരിയറിലെ ഏറ്റവും വലിയ ചിത്രമായാണു മമ്മൂട്ടി ‘മാമാങ്ക’ത്തെ വിശേഷിപ്പിച്ചത്.
ചെങ്ങഴി നമ്പ്യാർ
സിധിൽ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രം വീറും വാശിയും പോരും ഉള്ള 101 ചാവേർപ്പോരാളികളുടെ കഥയാണ്. ടൊവീനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സിധിലിന്റെതാണ്. ടീം മീഡിയയുടെ സഹകരണത്തോടെ ക്യാറ്റ് ആന്‍ഡ് മൗസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. സോജന്‍ എല്‍തുരുത്ത്, സിധില്‍ സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു ജഗത്താണ് കലാസംവിധാനം.
മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ
ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്‌ക്കാരായി സ്‌ക്രീനിൽ ജീവിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് ഫിലിംസ് ആണ്.
ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലെയും തമിഴിലെയും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക.
മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാർ
മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലിമരക്കാർ സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്നതേ ഉള്ളു. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള ആണ് ചിത്രം നിർമിക്കുക. കുഞ്ഞാലി മരയ്ക്കാർ നാലാമനെപ്പറ്റിയാണ് ഈ സിനിമയും.
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ
1700 മുതൽ 1800 വരെയുള്ള നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ കഥ സിനിമയാക്കുകയാണ് കെ മധു. ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് ആദ്യ സിനിമ എത്തുക. 'അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ' എന്നാണ് ചിത്രത്തിന്റെ പേര്.
കുളച്ചൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മാർത്താണ്ഡവർമ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടും. രണ്ടാം ഭാഗത്തിന്റെ കാഴ്ച മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ ധർമ്മരാജാവ് എന്ന് പുകൾപെറ്റ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിന്റെ ജീവിതകഥയാണ്. ധർമ്മരാജാവും ടിപ്പുസുൽത്താനും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പീറ്റർ ഹെയ്ൻ രണ്ടു ചിത്രങ്ങളുടെയും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഒരുക്കും. ഒന്നാം ഭാഗമായ മാർത്താണ്ഡ വർമ്മയിൽ മാർത്താണ്ഡവർമ്മയായി വേഷമിടുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്. താരവും ആയുള്ള കരാർ ഇതിനകം ആയിക്കഴിഞ്ഞു. ധർമ്മരാജയിൽ ധർമ്മരാജാവായി പരിഗണിക്കുന്നത് ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായ മറ്റൊരു താരത്തെയാണ്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
കായംകുളം കൊച്ചുണ്ണി
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കൊച്ചുണ്ണിയായി അവതരിക്കുന്നതു നിവിൻ പോളി. അമല പോൾ ആണ് നായിക. കൊച്ചുണ്ണിയുടെ കാലത്തെ കായംകുളത്തിന്റെ മുഖഛായ മാറിയതിനാൽ സിനിമയിൽ കായംകുളമാവുന്നതു ശ്രീലങ്കൻ ഗ്രാമമാണ്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബർ ആദ്യം ആരംഭിച്ചു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966–ൽ പുറത്തിറങ്ങിയ പി.എ തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായത്.
വേലുത്തമ്പി ദളവ
ഇതിഹാസപുരുഷനായ വേലുത്തമ്പി ദളവയായി സൂപ്പർതാരം പൃഥ്വിരാജ് എത്തുന്നു. വിജി തമ്പിയാണ് സംവിധാനം. വിദേശഅഭിനേതാക്കളടക്കം വലിയ താരനിരയുണ്ടാവും ചിത്രത്തില്‍. മലയാളത്തിലെ മറ്റൊരു വലിയ സിനിമയായിരിക്കും ഈ പ്രോജക്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മൾ തമ്മിൽ, കൃത്യം എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് വിജി തമ്പിയും പൃഥ്വിരാജും ഒന്നിച്ചത്.