Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിവാഹം കഴിഞ്ഞാലും അവൾ ചൊൽപടിക്കു നിൽക്കണം’; കുറ്റപത്രത്തിലെ ആ ഡയലോഗ്

Dileep

കൊച്ചി ∙ ‘വിവാഹം കഴിഞ്ഞാലും അവൾ ചൊൽപടിക്കു നിൽക്കണം.’ യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ നൽകുമ്പോൾ നടൻ ദിലീപ് ഒന്നാംപ്രതി സുനിൽകുമാറിനോടു പറഞ്ഞത് ഇങ്ങനെയെന്നു കുറ്റപത്രത്തിൽ. അതിനായി ഒരേസമയം നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളാണു സുനിലിനോടു പകർത്താൻ നിർദേശിച്ചിരുന്നത്. 

നടിയുടെ മോതിരം വ്യക്തമായി ദൃശ്യങ്ങളിൽ കാണണമെന്നും നിർദേശിച്ചിരുന്നു. സംഭവദിവസം നടി ധരിച്ചിരുന്നതു പ്രതിശ്രുത വരൻ സമ്മാനിച്ച മോതിരമാണെന്ന ധരണയിലാണ് ഇക്കാര്യം നിർദേശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ദിലീപിന്റെ ആദ്യവിവാഹം തകരാനിടയാക്കിയ സംഭവങ്ങളിൽ ഉപദ്രവിക്കപ്പെട്ട യുവനടിക്കു മുഖ്യപങ്കുണ്ടെന്ന ധാരണയാണ് ഇവരോടു കടുത്ത പകയുണ്ടാവാൻ വഴിയൊരുക്കിയത്. 2013 മുതൽ ഇതുസംബന്ധിച്ച അസ്വാരസ്യങ്ങൾ ദിലീപിനും നടിക്കുമിടയിലുണ്ടായതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

അമ്മ സംഘടനയുടെ താര നിശയുടെ റിഹേഴ്സൽ ക്യാംപിനിടയിൽ അത്തരമൊരു സംഭവത്തിനു നടൻ സിദ്ദീഖ് സാക്ഷിയാണെന്നു പൊലീസ് പറയുന്നു. ഇദ്ദേഹവും സാക്ഷിപ്പട്ടികയിലുണ്ട്. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച സാക്ഷിപ്പട്ടികയിൽ സിനിമാരംഗത്തെ 50 പേരുണ്ട്. എല്ലാവരും പൊലീസിന് അനുകൂലമായി മൊഴി നൽകുമെന്ന വിശ്വാസം അന്വേഷണ സംഘത്തിനില്ല. എന്നാൽ, ഇവരെ സാക്ഷിയാക്കാതിരുന്നാൽ സാങ്കേതികമായി കുറ്റപത്രം പൂർണമാവില്ല. കേസുമായി ബന്ധപ്പെട്ടു മജിസ്ട്രേട്ട് കോടതി മുൻപാകെ രഹസ്യമൊഴി നൽകിയ 33 പേരിലാരെങ്കിലും വിസ്താരത്തിനിടയിൽ മൊഴി മാറ്റിയാൽ ഇവർക്കെതിരെ നിയമനടപടിയെടുക്കാൻ പ്രോസിക്യൂഷനു കഴിയും.