മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ അഭിമുഖ പരിപാടിയെ രൂക്ഷമായി വിമർശിച്ച് നടി മീര വാസുദേവന്‍. സിനിമ താരം മാത്രമല്ല, ഒരു ചെറിയ കുട്ടിയുടെ അമ്മ കൂടി ആണ് താൻ എന്നതു പോലും ഓർക്കാതെയാണ് ചാനൽ തന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി മീര സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ തൻമാത്രയിലെ ഏറ്റവും സെന്‍സിറ്റീവ് ആയ രംഗങ്ങളൊക്കെ ചേര്‍ത്തുവച്ച് സെൻസേഷണലൈസ് ചെയ്താണ് തന്റെ അഭിമുഖം ചാനൽ ടെലികാസ്റ്റ് െചയ്തതെന്നാണ് മീര പറയുന്നത്. ഈ രംഗങ്ങൾ ഷോ ചെയ്യുമ്പോൾ തന്നെ കാണിച്ചിട്ടില്ല. പക്ഷേ അഭിമുഖത്തിന് നല്ല ശ്രദ്ധ കിട്ടുന്നതിനായി ഈ രംഗങ്ങൾ പ്രത്യേകമായി ചേർത്താണ് ടെലികാസ്റ്റ് ചെയ്തത്. താൻ പറഞ്ഞ പലകാര്യങ്ങളും ദുർവ്യാഖാനം ചെയ്തും തെറ്റിദ്ധരിപ്പിച്ചുമാണ് സമൂഹ മാധ്യമത്തിൽ ഈ ഷോയുടെ ക്ലിപ്പിങുകൾ നൽകിയിരിക്കുന്നതു പോലും.
പക്ഷേ താൻ മനസുകൊണ്ട് ശക്തയാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. ഒരാൾ നമ്മളോട് മോശമായി പെരുമാറിയാൽ, അത് നമ്മളെയല്ല ദോഷകരമായി ബാധിക്കുന്നത്. ആരാണോ അങ്ങനെ പെരുമാറുന്ന അവരുടെ വ്യക്തിത്വത്തെയാണ് എടുത്തുകാണിക്കുന്നത് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയില്ല. പക്ഷേ തന്റെ ഫ്രൊഫഷണലിസത്തെ മാനിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്. താൻ കരുത്തുറ്റൊരു സ്ത്രീയാണ്. ആത്മവിശ്വാസമുള്ള സ്ത്രീ. യുക്തിയും ബുദ്ധിയും ഒരാളെ പിന്തുണയ്ക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കും മാത്രമേ താൻ പറഞ്ഞതെന്താണെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. മീര എഴുതി.
താൻ ഷോ തുടങ്ങുന്നതിനു മുൻപേ പറഞ്ഞതായിരുന്നു തനിക്കൊരു ചെറിയ മകളുണ്ടെന്ന്. അവൾ ഈ ഷോ കണ്ട് തന്നെ മാത്രമല്ല, തന്റെ അമ്മയെ എങ്ങനെയാണ് അഭിമുഖത്തിലെ ചോദ്യകർത്താവ് നേരിട്ടതെന്നും വിലയിരുത്തുമെന്നും. എന്തായാലും ഒരു സ്ത്രീയെ കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോഴോ അവരെ അപമാനിക്കുന്ന തരത്തിൽ സംസരിക്കുമ്പോഴോ ആ സ്ത്രീയെ മാത്രമല്ല, മൊത്തം സ്ത്രീ സമൂഹത്തെയാണ് അധിക്ഷേപിക്കുന്നത്. നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സമൂഹത്തെ. സിനിമാ മേഖലയിലെ ആളുകളെ താഴ്ത്തിക്കെട്ടുന്ന ഇത്തരം കാര്യങ്ങൾ കണ്ട് ത്രിൽ അടിച്ചിരിക്കുന്ന എല്ലാവരോടും ഹൃദയത്തിൽ തൊട്ട് മാപ്പ് നൽകിയും അവർക്ക് ആശംസകൾ നേർന്നുകൊണ്ടും പിന്തുണവര്‍ക്കു നന്ദിയും പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളാണ് മീര. മോഹൻലാൽ അൽഷിമേഴ്സ് ബാധിച്ച വ്യക്തിയായി വേഷമിട്ട തൻമാത്രയിൽ അവർ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് മീര മലയാളത്തിലേക്കു തിരിച്ചെത്തിയത്. ചക്കരമാവിൻ കൊമ്പത്ത് എന്നതാണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.