ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ തിളങ്ങി ടേക്ക് ഓഫ്. ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പാർവതി മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച നടിക്ക് പുറമെ സ്പെഷൽ ജൂറി പുരസ്കാരവും ടേക്ക് ഓഫിന് ലഭിച്ചു. മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് 48ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ അരങ്ങേറിയത്.
തനിക്ക് ലഭിച്ച ഈ അംഗീകാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും നഴ്‌സ്മാര്‍ക്കും സമർപ്പിക്കുകയാണെന്ന് പാര്‍വതി പുരസ്‌കാരം ഏറ്റുവാങ്ങി പറഞ്ഞു. പത്ത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി പാർവതിക്ക് ലഭിക്കുക.
‘മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രമേയമാക്കി മനോഹരമായ സിനിമകൾ ചെയ്ത ആളാണ് രാജേഷ് പിള്ള. അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞ അന്ന് തീരുമാനിച്ചതാണ് ഈ പ്രോജക്ട്. ഈ സിനിമയിലൂടെ അദ്ദേഹം ജീവിക്കണം.’–പാർവതി പറഞ്ഞു.
മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്. പാർവതിക്കും മഹേഷിനുമൊപ്പം നിർമാതാക്കളായ ആന്റോ ജോസഫും ഷെബിൻ ബെക്കറും ഗോവയിൽ എത്തിയിരുന്നു.
മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ടേക്ക് ഓഫ്. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം. തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തുകയും ചെയ്തു.