ഗോവ മേളയിൽ ടേക്ക് ഓഫിന് പുരസ്കാര സാധ്യത

ആന്റോ ജോസഫ്, ഷെബിൻ ബെക്കർ, പാർവതി, മഹേഷ് നാരായണൻ

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളചിത്രം ടേക്ക് ഓഫിന് പുരസ്കാര സാധ്യത. നടി പാർവതിക്കും സംവിധായകനായ മഹേഷ് നാരായണനുമാണ് പുരസ്കാരത്തിൽ സാധ്യത കൽപ്പിക്കുന്നത്. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്.  പാർവതിക്കും മഹേഷിനുമൊപ്പം നിർമാതാക്കളായ ആന്റോ ജോസഫും ഷെബിൻ ബെക്കറും ഗോവയിൽ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് പുരസ്കാരപ്രഖ്യാപനം.

മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ടേക്ക് ഓഫ്. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം. തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തുകയും ചെയ്തു.