‘കിസ്മത്തി’ലൂടെ ശ്രദ്ധേയനാവുന്ന ഷെയ്ൻ നിഗം ശബ്ദാനുകരണ കലാകാരനും നടനുമായ അബിയുടെ മകനാണ്. ബിടെക് വിദ്യാർഥിയായ ഷെയ്ൻ ഒട്ടേറെ സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തിൽ ആദ്യമാണ്.
മലയാള മനോരമയിൽ മുമ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നും
അബിയാണോ ഷെയ്നിനെ നടനാക്കിയത്?
നാലു വയസ്സു മുതൽ ഞാൻ വാപ്പച്ചിക്കൊപ്പം സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലുമുണ്ട്. സംവിധാനവും ക്യാമറയുമായിരുന്നു എനിക്കു താൽപര്യം. ഡോക്യുമെന്ററികളും ഷോർട് ഫിലിമുമൊക്കെ ചെയ്തു. ചാനലിലെ ഡാൻസ് ഷോ ശ്രദ്ധിക്കപ്പെട്ടതോടെ ദേ അബിയുടെ മോൻ എന്നൊക്കെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.
സിനിമയിലെത്തിയത് എങ്ങനെ?
അമൽനീരദിന്റെ ‘അൻവർ’ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം ചെയ്തതു ശ്രദ്ധിക്കപ്പെട്ടു. നടൻ സൗബിൻ അന്ന് അസിസ്റ്റന്റ് ഡയറക്ടറാണ്. നേരത്തെ പരിചയമുണ്ട്. എന്നെ ഈ ചിത്രത്തിലേക്കു നിർദേശിക്കുന്നതു സൗബിനാണ്. അന്നയും റസൂലും എന്ന സിനിമയിലേക്കും സൗബിൻ വഴി തന്നെയാണ് അവസരം കിട്ടിയത്. രാജീവ് രവിയുടെ സെറ്റിലെത്തിയതോടെ സിനിമ ഗൗരവമായി കാണാൻ തുടങ്ങി. അന്നയും റസൂലും കണ്ടാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലേക്ക് സമീർ താഹിർ വിളിക്കുന്നത്. പിന്നീടു കമ്മട്ടിപ്പാടത്തിലെത്തി. ഭാഗ്യംകൊണ്ട് ഇവയൊക്കെ ശ്രദ്ധനേടി.
കിസ്മത്തിലെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു?
30 ദിവസം കൊണ്ടു ഷൂട്ടിങ് തീർന്ന സിനിമയാണ്. നന്നായി ചെയ്തു എന്നാണു കരുതുന്നത്. സിനിമയെ ഗൗരവപൂർവം കാണാനാണിഷ്ടം. പുതിയ പ്രോജക്ടുകൾ?
പല പ്രോജക്ടുകളിലേക്കും ക്ഷണമുണ്ട്. എല്ലാത്തരും പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടം. വാപ്പച്ചിയുമായി ചേർന്നഭിനയിക്കുന്ന ഒരു സിനിമയും ചർച്ചയിലുണ്ട്.
എന്റെ മകൻ; അബി പറയുന്നു
‘വലിയ റേഞ്ചിലേക്കു പോകുന്ന നടനാണു ഷെയ്ൻ എന്ന് അവൻ അന്നയും റസൂലും അഭിനയിക്കുമ്പോൾ രാജീവ് രവി എന്നോടു പറഞ്ഞിട്ടുണ്ട്. പിതാവെന്ന നിലയിൽ ഇതു കേൾക്കുന്നതിൽ സന്തോഷമുണ്ട്. സ്വാഭാവികമായി അഭിനയിക്കണം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. അവനോടു പറഞ്ഞ ഒരു കഥയുണ്ട്.
കരുത്തരായ രണ്ടു കുതിരകൾ മത്സരിച്ചോടുകയാണ്. കരുത്തും പ്രതിഭയുമൊക്കെ ഒരുപോലെയാണ്. ഫിനിഷിങ് പോയിന്റിലും ഒപ്പത്തിനൊപ്പമെത്തി. അതിലൊരു കുതിര മൂക്കുനീട്ടി ലൈനിൽ തൊട്ടു. ആ കുതിര വിജയിച്ചു. സിനിമയിലെന്നല്ല ഏതു കലയിലും ഈ വ്യത്യാസം അനുഭവപ്പെടുത്തിയാലേ വിജയിക്കൂ.