ദിലീപ് ഇന്ന് മടങ്ങിയെത്തും

വിദേശത്ത് പോയ നടന്‍ ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും. യുഎഇ കരാമയില്‍ തുടങ്ങിയ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് ദിലീപ് ദുബായിലേക്ക് പോയിരുന്നത്. 

ജയിൽ മോചിതനായ ശേഷം ആദ്യമായാണ് ദിലീപ് ദുബൈയിലെത്തിയത്. ആരാധകർ കയ്യടികളോടെയാണ് വരവേറ്റത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു റസ്റ്റോറന്റിന്റെ ഉദ്ഘാടനം. അമ്മ സരോജത്തോടൊപ്പമാണ് ദിലീപ് ചൊവ്വാഴ്ച ദുബായിലെത്തിയത്.

ദിലീപിന്റെയും നടനും സംവിധായകനുമായ നാദിർഷ എന്നിവരടുതേടക്കം അഞ്ച് പാർട്ണർമാരുടെ അമ്മമാരാണ് രാവിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് ദിലീപ് നാടമുറിച്ചും ഉദ്ഘാടനം നിർവഹിച്ചു. ഇതിനായി ദിലീപ് എത്തുമെന്നറിഞ്ഞ് മണിക്കൂറുകൾക്ക് മുൻപേ കരാമയിലെ റസ്റ്റോറന്റിനടുത്ത് ജനക്കൂട്ടമെത്തിയിരുന്നു.  ദിലീപ് വന്നെത്തിയതോടെ ആളുകൾ താളമേളങ്ങളോടെ ആർപ്പുവിളി തുടങ്ങി. ആരാധകരെ കാണാൻ വേണ്ടി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റി റസ്റ്റോറൻ്റിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ചെന്ന് താഴേയ്ക്ക് കൈവീശി. 

ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മകൾക്ക് പരീക്ഷയായതിനാൽ ഒഴിവാക്കുകയായിരുന്നു. ദുബായി രാജ്യാന്തര വിമാനത്താവളത്തിൽ ദിലീപിനെ സുഹൃത്തുക്കൾ പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു.

ഇതിനിടെ, ദിലീപിന് പിന്നാലെ കേരളാ പൊലീസും ദുബായിൽ എത്തിയിരുന്നെന്നാണ് റിപ്പോർട്ട്. നടൻ സാക്ഷികളെയും മറ്റും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിനാൽ, ദിലീപിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയാണ് പൊലീസെത്തിയതെന്നാണ് വിവരം. വിവാദമായ കേസിലെ പ്രതിയായ ദിലീപിന്റെ വരവ് ദുബായി പൊലീസും അറിഞ്ഞിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.ഇതേ തുടര്‍ന്ന് കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്നാരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.

കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പൊലീസിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക.