ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ നൽകി നടനും എംപിയുമായ ഇന്നസെന്റ്. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നസെന്റിന്റെ കുറിപ്പ് വായിക്കാം–
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എം.പി എന്ന നിലയിലുള്ള രണ്ടു മാസത്തെ എന്റെ വേതനം മാറ്റിവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നല്ലോ.
അതിനു പുറമേ രണ്ടു മാസത്തെ വേതനം കൂടി (ഒട്ടാകെ 4 മാസത്തേത്) ഇതിനായി മാറ്റിവെക്കുകയാണ്. ആകെ രണ്ടു ലക്ഷം രൂപ.
കൊടുങ്ങല്ലൂർ എറിയാടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു ഉച്ചവരെ. വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർ, ആകെയുള്ള സമ്പാദ്യം നഷ്ടമായവർ, താമസിച്ചിരുന്ന പ്രദേശത്തിന്റെ ഘടന തന്നെ മാറിയത് കണ്ട് അമ്പരന്ന് നിൽക്കുന്നവർ... അവരെയെല്ലാം കേട്ടു. ആ സങ്കടങ്ങൾക്ക് പരിഹാരമേയല്ല ഇതെന്ന് അറിയാം.
എന്നാൽ, അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ തുക ഉപകരിച്ചേക്കും. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ക്യാമ്പുകളിലേക്ക് ആവശ്യത്തിന് ശുദ്ധജലം എത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. 12000 കുപ്പിവെള്ളം ഇതിനായി ഏർപ്പാടാക്കി. വസ്ത്രം, വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം എത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്.
ഇതിനു പുറമേ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലൂടെ പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ട്. അവ ആ നിലയിൽ കൈകാര്യം ചെയ്യും. തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും റോഡുകളും കടൽഭിത്തിയും നന്നാക്കുന്നതിനുമുൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തിര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തിൽ അറ്റൻഡ് ചെയ്യാനാണ് ശ്രമിക്കുന്നത്.