പ്രിയയും പോയി പാട്ടും പോയി; ഇനി ഇത്തിക്കരപക്കി തരംഗം

സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചർച്ച ഇത്തിക്കരപക്കിയെക്കുറിച്ചാണ്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഇത്തിരപക്കിയായി പ്രേക്ഷര്‍ക്ക് മുന്നിലെത്തി. പുഞ്ചിരി തൂകി കണ്ണിറുക്കി ഇത്തിരപക്കിയായി മാറിയ മോഹൽലാലിന്റെ പുത്തന്‍ ലുക്ക് ആണ് ഇന്റർനെറ്റിൽ തരംഗം.  

പ്രേക്ഷകര്‍ മാത്രമല്ല സിനിമാതാരങ്ങളും ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തി. മാംഗ്ലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. കഥയിലുടനീളം ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. നിവിന്റെ കൊച്ചുണ്ണിയുടെയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെയും കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇത്തിക്കരപക്കിയുടെ ലുക്ക് പുറത്തുവന്നതോടെ ആ കഥാപാത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓർമകളുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച.

ഇത്തിരക്കരപക്കിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ്–

ആരായിരുന്നു ഇത്തിക്കരപക്കി!

കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ എന്ന സ്ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്‍റെ മകനായിരുന്നു ഇത്തിക്കരപക്കി. യഥാര്‍ത്ഥ പേര് 'മുഹമ്മദ് അബ്ദുള്‍ ഖാദര്‍'

വീട്ടുകാര്‍ക്കൊപ്പം കുട്ടിക്കാലത്ത് ഇത്തിക്കരയില്‍ സ്ഥിരതാമസമാക്കി, കുട്ടിക്കാലത്ത് തന്നെ പാവങ്ങളെ സഹായിക്കാന്‍ പക്കി സദാസന്നദ്ധനായിരുന്നു.. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനുമായിരുന്നു, ആറ്റില്‍ വീണ് ജീവനു വേണ്ടി കേണ നിരവധി പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്.

ജന്മിമാര്‍ക്കു വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത് നിര്‍ധനരായ പാവങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നു.. ഇതൊക്കെയാണ് പക്കിയെ കള്ളനെങ്കിലും നാട്ടുകാര്‍ക്ക് ഏറെ പ്രിയ്യപ്പെട്ടവനാക്കിയത്.. എവിടേയും എത്ര വേഗത്തിലും പോയി കൃത്യം നടത്തുവാനുള്ള പ്രാവീണ്യം കൊണ്ടാണ് 'പക്കി' എന്ന പേരുണ്ടാകാന്‍ കാരണം..

പാവപ്പെട്ട ജനങ്ങളെ അടിമകളെ പോലെ പണിയെടുപ്പിച്ച് പണമുണ്ടാക്കുകയും കപ്പം കൊടുക്കാത്തവരുടെ കൃഷിയിടങ്ങള്‍ കൈയ്യേറി കാര്‍ഷിക വിളകള്‍ സ്വന്തം പത്തായത്തിലാക്കുന്ന ജന്മിമാരാണ് ഇത്തിക്കരപക്കിയുടെ പ്രധാന നോട്ടപ്പുള്ളികള്‍.. ഇവരെ കൊള്ളയടിച്ച് കിട്ടുന്ന മുതലുകള്‍ പാവങ്ങള്‍ക്കു തന്നെ തിരിച്ചു നല്‍കുകയാണ് പക്കിയുടെ രീതി..

ഇത്തിക്കരയാറിന്‍റെ ഭാഗങ്ങളാണ് പക്കിയുടേയും കൂട്ടരുടേയും പ്രധാനസങ്കേതം, തിരുവിതാംകൂര്‍ രാജഭരണത്തിന്‍റെ അവസാനഘട്ടങ്ങളില്‍ കൊല്ലം പരവൂര്‍ കായലിലും, ആറ്റിങ്ങലിലെ ഇന്നത്തെ പൂവന്‍പാറ ആറിനു സമീപവും പക്കി പകല്‍കൊള്ള നടത്തിയതായി ചരിത്രം പറയുന്നു..

അന്ന് ആ പ്രദേശത്തെ ആദ്യ പൊലീസ് സ്റ്റേഷന്‍ പരവൂരായിരുന്നു. അവിടുത്തെ പൊലീസുകാര്‍ക്കെല്ലാം പക്കിയെ വലിയ ഭയമായിരുന്നു. ഒരിക്കല്‍ പോലും അവര്‍ക്ക് പക്കിയെ പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ലായിരുന്നു.. അക്കാലത്ത് പരവൂര്‍ കായലിലൂടെ കായംകുളത്തു നിന്നും, കൊല്ലത്ത് നിന്നും, തിരുവനന്തപുരത്തേക്ക് വലിയ വള്ളങ്ങളില്‍ ചരക്ക് കടത്ത് ഉണ്ടായിരുന്നു, ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിക്കൊപ്പം പക്കിയും കാണുമായിരുന്നു, കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കി ഒരിക്കലും ഒപ്പം നില്‍ക്കുന്നവരെ ചതിക്കില്ല, അതാണ് പക്കിയുടെ ഏറ്റവും വലിയ പ്രത്യേകത..

45-മത്തെ വയസില്‍ അർബുദം പിടിപെട്ടാണ് പക്കി മരണത്തിന് കീഴടങ്ങുന്നത്. ഒരു കള്ളന്‍ മരിക്കുമ്പോഴത്തെ വികാരമായിരുന്നില്ല അന്ന് ആ നാട്ടില്‍ ഉണ്ടായത്, സാധാരണ ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഒരു ജനപ്രതിനിധിയുടെ വേര്‍പാടിന്‍റെ വേദനയായിരുന്ന് നാട്ടുകാര്‍ക്ക് അന്നുണ്ടായത്...

മൈലക്കാട് സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബറിലെ ആദ്യവരിയിലെ രണ്ടാമനായി നിത്യവിശ്രമം കൊള്ളുന്നത് ഇത്തിക്കരപക്കിയാണ്..