അന്ന് അച്ഛന്റെ രണ്ടാം ഭാര്യ, ഇന്ന് ശ്രീദേവിയെ അമ്മയെന്ന് വിളിച്ച് അർജുൻ

നടി ശ്രീദേവി ഓർമയായെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും കുടുംബാംഗങ്ങൾ സാധിച്ചിട്ടില്ല. പതിനായിരങ്ങളാണ് പ്രിയ നടിയെ ഒരുനോക്ക് കാണുവാൻ മുംബൈയിലേക്ക് ഒഴുകിയെത്തിയത്. ബോളിവുഡ് ഒന്നടങ്കം ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ബോണി കപൂറിന്റെ മകനും നടനുമായ അർജുൻ കപൂറിനാണ് സമൂഹമാധ്യമങ്ങളും ആരാധകരും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നത്. പിണക്കമെല്ലാം മറന്ന് ഈ അവസരത്തിൽ അച്ഛനും രണ്ട് മക്കൾക്കുമൊപ്പം നെടുംതൂണായി നിന്ന അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂര്‍. ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവിതം തകരാന്‍ കാരണം ശ്രീദേവിയാണെന്ന് അര്‍ജുന്‍ കപൂര്‍ വിശ്വസിച്ചിരുന്നു.  എന്നാൽ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പിണക്കം മറന്ന് അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. അര്‍ധസഹോദരിയായ ജാന്‍വിയെ നേരില്‍ കണ്ട് അര്‍ജുന്‍ ആശ്വസിപ്പിച്ചിരുന്നു. കൂടാതെ ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാൻ അച്ഛൻ ബോണി കപൂറിനൊപ്പം അർജുനും ദുബായിലെത്തിയിരുന്നു.

അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അര്‍ജുന്‍ അവരുടെ മരണ വാര്‍ത്തയോട് പ്രതികരിച്ചത് ‘അമ്മ’ എന്ന് വിളിച്ച് കൊണ്ടായിരുന്നു. അമൃത്സറില്‍ ‘നമസ്‌തേ ഇംഗ്ലണ്ട്’ എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്ന അര്‍ജുന്‍ ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ മുംബൈയിലെത്തുകയായിരുന്നു.  

പിന്നീട് സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ച് അച്ഛന്‍ ബോണി കപൂറിന് താങ്ങും തണലുമായി മൂന്ന് ദിവസവും അര്‍ജ്ജുന്‍ കപൂര്‍ ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികളിലും പൂര്‍ണമായി സഹകരിച്ച് അര്‍ജ്ജുന്‍ ബോണി കപൂറിനും കുടുംബത്തിനും ഒപ്പം തന്നെ നിന്നു.

ശ്രീദേവിയുടെ മരണത്തിന് മുമ്പ് ബോണി-ശ്രീദേവി ദമ്പതികളുടെ മക്കളായ ജാന്‍വിയുമായും ഖുശിയുമായും അര്‍ജ്ജുന് പ്രത്യേക സഹോദര ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയുടെ അപ്രതീക്ഷിത മരണത്തില്‍ തകർന്നിരുന്ന ഇരുവര്‍ക്കുമടുത്തേക്ക് ഒരു മുതിര്‍ന്ന സഹോദരന്റെ വാത്സല്യവുമായി അര്‍ജ്ജുന്‍ ഓടിയെത്തി. അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. അവരെ സമാധാനിപ്പിച്ചു.

വിലാപയാത്രയില്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പം തന്നെ അര്‍ജ്ജുന്‍ എല്ലാ കര്‍മ്മങ്ങളിലും പങ്കെടുത്തു. പ്രിയ നടിയെ അവസാനമായി കാണാനെത്തിയ ജനസാഗരം വിലാപയാത്രയ്ക്ക് തടസ്സമായതോടെ ആ മകന്‍ കൈകൂപ്പി യാചിച്ചു. ‘ദയവ് ചെയ്ത് ‘എന്റെ അമ്മയെ’ പോകാന്‍ അനുവദിക്കണം.’–അർജുന്‍ പറഞ്ഞു. 

1983 ലാണ് മുംബൈയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആയ ഫ്യൂച്ചര്‍ സ്റ്റുഡിയോസിന്റെ സിഇഒയും ബോളിവുഡ് നിര്‍മ്മാതാവായിരുന്ന ആയിരുന്ന മോണ കപൂറിനെ  ബോണി കപൂര്‍ വിവാഹം കഴിക്കുന്നത്. 13 വര്‍ഷം ആയിരുന്നു മോണയുടേയും ബോണിയുടേയും ദാമ്പത്യത്തിന്റെയും ആയുസ്സ്. 1996 ല്‍ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിലെ മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും. കാന്‍സര്‍ ബാധിച്ച് 2012 ല്‍ മോണ മരിച്ചു.

ശ്രീദേവി ജീവിതത്തിലേക്ക് വന്നതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പോകുകയുണ്ടായി. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. അച്ഛൻ ബോണി കപൂർ തന്നോടും സഹോദരിയോടും പ്രത്യേക അടുപ്പം കാണിക്കാതിരുന്നത് അർജുനെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്.

താരമായി കഴിഞ്ഞ് പല അഭിമുഖങ്ങളിലും അര്‍ജുന്‍ നേരിട്ടതും ശ്രീദേവിയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള ചോദ്യങ്ങളാണ്. അവരോട് വലിയ അടുപ്പമില്ലെന്ന് വ്യക്തമായി പറയുന്നതായിരുന്നു അര്‍ജുന്റെ മറുപടികള്‍. പക്ഷേ ദേഷ്യമുള്ളതായി ഒരിക്കലും കാണിച്ചിട്ടില്ല. ‘അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’–ഇങ്ങനെയായിരുന്നു മറുപടി. 

‘അച്ഛനോടും, അദ്ദേഹത്തിന്റെ ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം’. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ടെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

അര്‍ജുന്റെ കരിയറിനെ ശ്രീദേവി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘എന്റെ സിനിമകൾ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നേ വരെ ഒരു കസേരയില്‍ മുഖാമുഖം ഇരുന്ന് അതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ മാന്യമായ അംഗീകരിക്കലുണ്ട്, മനസ്സിലാക്കലുണ്ട് കാരണം ഒരു പോലെ പ്രധാനപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, അത്രമാത്രം. അച്ഛനുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു നല്ല മകനെന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടാകും, അത് ഞാന്‍ ചെയ്യുന്നുണ്ട്’. എന്നായിരുന്നു മറ്റൊരു മറുപടി. 

ജീവിതത്തിലും അർജുൻ യഥാർത്ഥ ഹീറോ ആണെന്നാണ് സമൂഹമാധ്യമങ്ങൾ പുകഴ്ത്തുന്നത്.