Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികളുടെ സൂപ്പർസ്റ്റാർ; കണ്ടു പഠിക്കണം ആമിറിന്റെ ബുദ്ധി

aami-china

മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ് ആമിർ ഖാന്.  നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ കൈവെച്ച േമഖലകളിലെല്ലാം വിജയം കൊയ്തു. മികച്ച നടൻ മാത്രമല്ല മിടുക്കനായ നിർമാതാവ് കൂടിയാണ് ആമിർ.

ഇനി അദ്ദേഹം ഇന്ത്യയുടെ മാത്രം സൂപ്പർസ്റ്റാർ അല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ താരത്തിന് ലഭിക്കുന്ന ആരാധകരുടെ കണക്ക് എടുത്താണ് ഈ റിപ്പോർട്ട്.

താരത്തിന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങൾ ചൈനയിൽ നിന്നും വാരിയ കോടികൾ തന്നെ ഇതിന് ആധാരം. ദംഗൽ ചൈനയിൽ നിന്നും വാരിക്കൂട്ടിയത് 1300 കോടി (ഇന്ത്യ അല്ലാതെ മറ്റുരാജ്യങ്ങളിലെ കലക്ഷനിലൂടെ ലഭിച്ചത് 1908 കോടി), സീക്രട്ട് സൂപ്പർസ്റ്റാർ 874 കോടി, പികെ 831 കോടി.

ചൈനയിലെ താരങ്ങളല്ലാതെ അവിടെയുള്ള ആളുകൾ കണ്ടുകഴിഞ്ഞ ഏറ്റവും ജനപ്രിയതാരം ആമിർ ഖാൻ ആണ്. ഒരു സിനിമ എവിടെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം. ആമിർ ഖാൻ തന്നെ നിര്‍മിച്ച് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് സീക്രട്ട് സൂപ്പർസ്റ്റാർ. 15 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. (ബോളിവുഡിനെ സംബന്ധിച്ചടത്തോളം വളരെ കുറഞ്ഞ തുകയാണിത്.) ചൈനയിൽ ജനുവരി 19ന് റിലീസ് ചെയ്ത ചിത്രം വാരിക്കൂട്ടിയത് 874 കോടി. സിനിമയുടെ ആഗോള കലക്ഷൻ 954 കോടിയും. 

ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് ചൈനീസ് ബോക്സ്ഓഫീസ് തന്റെ സിനിമയ്ക്ക് ഇരട്ടി നേട്ടമുണ്ടാക്കുമെന്ന് ആമിർ കണ്ടെത്തുന്നത്. ത്രീ ഇഡിയറ്റ്സ് 16 കോടിയാണ് ചിത്രം ചൈനയിൽ നിന്ന് കലക്ട് ചെയ്തത്. എന്നാൽ അതുകഴിഞ്ഞ് റിലീസിനെത്തിയ ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാൻ ചൈനയിൽ പരാജയമായി. 

എന്നാൽ ആക്സികമായാണ് ചൈനീസ് ആസ്വാദകർ തന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് ആമിർ പറയുന്നു. ‘ത്രീ ഇ‍ഡിയറ്റ്സ് ഇന്ത്യയിൽ റിലീസ് ചെയ്ത സമയത്ത് ഇതിന്റെ പൈറേറ്റഡ് കോപ്പി ചൈനയിൽ ആരോ അപ്‍ലോഡ് ചെയ്യുകയുണ്ടായി. അങ്ങനെ ആ സിനിമ അവിടെ വലിയ ചർച്ചയായി. വിദ്യാഭ്യാസം സംബന്ധിച്ച പ്രമേയം ചർച്ച ചെയ്യുന്ന സിനിമകൾ അവർക്ക് വലിയ ഇഷ്ടമാണ്. അങ്ങനെ അവരെന്റെ സിനിമകൾ കൃത്യമായി പിന്തുടരാൻ തുടങ്ങി. ധൂം 3, പികെ, ടിവി ഷോയായ സത്യമേവ ജയതേ വരെ അവർ കാണുന്നുണ്ടായിരുന്നു.’–ആമിർ പറഞ്ഞു.

‘അന്ന് ദംഗൽ ചൈനയിൽ റിലീസായ സമയം. അത്യാവശ്യം ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. അതുമാത്രമല്ല ചൈനയിലെ സ്ക്രീനുകൾ വലിയൊരു ഘടകമാണ്. ഇന്ത്യയിൽ നമുക്ക് ഏകദേശം 5000 തിയറ്ററുകൾ ഉണ്ടാകും. എന്നാൽ ചൈനയിൽ അത് 45000 ആണ്. രണ്ട് രാജ്യങ്ങളുടെയും ജനസംഖ്യ തമ്മിൽ വ്യത്യാസമില്ലെങ്കിലും തിയറ്ററുകളുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് അവർ. സീക്രട്ട് സൂപ്പർസ്റ്റാറിൽ അതിഥിതാരമായാണ് ഞാൻ എത്തിയത്. എന്നിട്ട് പോലും 11000 സ്ക്രീനുകളിലാണ് ചിത്രം ഇവിടെ റിലീസിനെത്തിയത്. ഒന്ന് ആലോചിച്ച് നോക്കൂ.’–ആമിർ പറഞ്ഞു.

ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതുവരെ. ആ നേട്ടം ഇപ്പോൾ ആമിറിനാണ് – ആറരലക്ഷം പേർ.

സീക്രട്ട് സൂപ്പർസ്റ്റാർ നിർമിച്ചിരിക്കുന്നത് ആമിറിന്റെ പൊഡക്ഷൻ കമ്പനി ഒറ്റയ്ക്കാണ്. ചൈനീസ് റിലീസിൽ പ്രത്യേക റവന്യു–ഷെയറിങ് ഡീൽ ഒപ്പിട്ടാണ് ചിത്രം എത്തിയത്. ഈ കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് സീക്രട്ട് സൂപ്പർസ്റ്റാർ. സാധാരണ വലിയ ഹോളിവുഡ് സിനിമകൾക്ക് മാത്രമാണ് ഈ നിരക്ക് ലഭിക്കൂ. അതായത് ചൈനീസ് ബോക്സ്ഓഫീസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനവും ആമിർഖാനായിരിക്കും. ദംഗലിന് 12.5 ശതമാനം മാത്രമാണ് ആമിറിന് ലഭിച്ചത്.

ആമിർ ഖാൻ കണ്ടെത്തിയ ചൈനീസ് മാർക്കറ്റ് മറ്റ് സൂപ്പർതാരങ്ങളും ഫലപ്രദമായി തന്നെ ഉപയോഗിക്കുന്നുണ്ട്. 2015ൽ റിലീസ് ചെയ്ത സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ബജ്‌റംഗി ഭായിജാൻ ഈ മാസം മാർച്ച് 2ന് ചൈനയിലെ തിയറ്ററുകളിൽ റിലീസ് ചെയ്തു. വെറും പത്ത് ദിവസം കൊണ്ട് സിനിമ ഇതുവരെ വാരിക്കൂട്ടിയത് 169 കോടി.

ലിറ്റിൽ ലോലിറ്റ മങ്കി ഗോഡ് അങ്കിൾ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ഐഎംഡിബി സൈറ്റുപോലെ ചൈനയിലെ പ്രമുഖ സൈറ്റായ ഡൗബൻ ഈ സിനിമയ്ക്ക് റേറ്റിങ് നൽകിയത് 8.6.

ഏറ്റവും കൂടുതൽ പണം വാരിയ മറ്റു ഇന്ത്യൻ ചിത്രങ്ങൾ: 

ദംഗൽ– 2122 കോടി

ബാഹുബലി 2– 1700 കോടി

സീക്രട്ട് സൂപ്പര്‍ സ്റ്റാർ –954 കോടി

പി കെ – 854 കോടി 

ബജ്‌റംഗി ഭായിജാൻ – 813 കോടി 

ബാഹുബലി ദ് ബിഗിനിങ് – 650 കോടി 

സുൽത്താൻ – 589 കോടി 

ധൂം ത്രീ – 585 കോടി 

ടൈഗർ സിന്ദാ ഹേ – 560 കോടി