ടൊവിനോയുടെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ താരമാണ് പൃഥ്വിരാജ്. പല അഭിമുഖങ്ങളിലും ടൊവിനോയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. സഹനടനായും വില്ലനായും മലയാളസിനിമയിലെത്തിയ താരം ഇന്ന് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.
നടന്റെ അഭിനയജീവിതത്തിലെ പ്രധാന സിനിമയായ എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ് തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ അതുപോലെ തന്നെ തന്റെ ജീവിതത്തിൽ സംഭവിച്ചെന്ന് ടൊവിനോ പറയുന്നു.
‘എന്ന് നിന്റെ മൊയ്തീന്‍ എന്റെ ജീവിതം മാറ്റിമറിച്ചു. അത് പൃഥ്വിരാജിന്റെ സിനിമയായിരുന്നു. എനിക്ക് ലഭിച്ചതും സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു. തിയറ്ററിലിരുന്ന് ഈ സിനിമ കാണുന്നതിനിടെ പൃഥ്വിരാജിന് മെസേജ് അയച്ചു. 'പൃഥ്വിയുടെ തിരക്കഥാ സെലക്ഷന്‍ കൊള്ളാം' എന്നായിരുന്നു സന്ദേശം.
‘അതൊക്കെ ശരി, പക്ഷേ ഇനി മുതല്‍ നിങ്ങളും സിനിമകൾ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം'.– ഇങ്ങനെയായിരുന്നു ആ മെസേജിന് പൃഥ്വിയുടെ മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്റെ ഇപ്പോഴത്തെ നിലയനുസരിച്ച് ആരെങ്കിലും അവസരം നല്‍കിയാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ എന്ന്.
‘അന്ന് എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം സഹനടന്റെയായിരുന്നു, അതിൽ മികച്ചത് തിരഞ്ഞെടുത്ത് ചെയ്‌തോളം എന്ന് പൃഥ്വിയോട് പറഞ്ഞു. എന്നാൽ പൃഥ്വി പറഞ്ഞു സഹനടന്റെയല്ല ഇനി മുതല്‍ നിങ്ങൾ കേന്ദ്രകഥാപാത്രങ്ങള്‍ കണ്ടെത്തണമെന്ന്. അവ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന്. പൃഥ്വി എന്നോട് അങ്ങനെ പറഞ്ഞത് ഔചിത്യത്തിന്റെ പുറത്താണെന്ന് ഞാന്‍ കരുതി. പക്ഷേ എന്ന് എന്റെ മൊയ്തീന് ശേഷം എന്നെ തേടിയെത്തിയതില്‍ 95 ശതമാനവും നായകവേഷങ്ങളായിരുന്നു.’–ടൊവിനോ പറഞ്ഞു..