ഈ അടുത്തകാലത്ത് മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തിയ ചിത്രമായിരുന്നു ഗ്രേറ്റ്ഫാദർ. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സ്റ്റൈലും സിനിമയ്ക്ക് മുമ്പേ തരംഗമായി. അതുപോലെ തന്നെയാണ് ഇപ്പോൾ കമ്മാരസംഭവത്തിന്റെ കാര്യത്തിലും. ഇതുവരെ കണ്ടിട്ടില്ലാത്ത സ്റ്റൈലൻ ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.
കമ്മാരസംഭവത്തിലെ ദിലീപിന്റെ ഗെറ്റപ്പുകളാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെൻഡ്. എന്നാൽ ഡേവിഡ് നൈനാന്റെയും കമ്മാരന്റെയും സ്റ്റൈലിഷ് ഗെറ്റപ്പുകളുടെ പിന്നിൽ ഒരാളാണെന്ന് ആർക്കൊക്കെ അറിയാം.
സിനിമാസ്റ്റിൽ ഫോട്ടോഗ്രാഫറായ ശ്രീനാഥ് എൻ. ഉണ്ണികൃഷ്ണനാണ് ഈ സ്റ്റൈലൻ ചിത്രങ്ങൾ പിന്നിൽ. ശ്രീനാഥിന്റെ ക്യാമറ കണ്ണുകളിലൂടെയാണ് ഇവരെ ആദ്യം പകർത്തിയത്. ടീസറോ ട്രെയിലറോ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഫിലിം സ്റ്റില്ലുകൾ വഴി സിനിമകളിൽ വലിയ പ്രതീക്ഷകൾ ഉയർത്താൻ ശ്രീനാഥിന്റെ നിശ്ചല ദൃശ്യങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ പൂജാവേളയില്‍ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ ശ്രീനാഥിനെ പൊതുവേദിയിൽ പ്രശംസിച്ച് സംസാരിച്ചിരുന്നു.
പ്രേമം സിനിമയുടെ അസിസ്റ്റന്റ് സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി കരിയർ തുടങ്ങിയ ശ്രീനാഥ് പിന്നീട് ഗപ്പി എന്ന ചിത്രത്തിൽ വിഷ്ണു തണ്ടശ്ശേരിക്കൊപ്പം മെയിൻ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു. സ്വതന്ത്രമായി പ്രവർത്തിച്ച സിനിമ ഗ്രേറ്റ്ഫാദർ ആയിരുന്നു.